കോഴിക്കോട്: സ്വത്ത് തട്ടിയെടുക്കുന്നതിനായി അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ ചെയ്ത് അറസ്റ്റ് പോലീസ്. കോഴിക്കോട് വേങ്ങേരി സ്വദേശിയായ സലിൽ കുമാർ (50) ആണ് അറസ്റ്റിലായത്. 76 വയസ്സുള്ള അമ്മയെ വീടും സ്ഥലവും ബാങ്കിലെ ഡെപ്പോസിറ്റ് തുകയും ആവശ്യപ്പെട്ട് ആക്രമിച്ചുവെന്നാണ് പരാതി.
കഴിഞ്ഞ ദിവസം ഉച്ചയോടെ അമ്മ വീട്ടിലെ മുറിയിൽ ഇരിക്കുമ്പോൾ സലിൽ വാതിൽ തള്ളിത്തുറന്ന് ചീത്ത വിളിക്കുകയും വീടും സ്ഥലവും എഴുതിത്തരണം എന്നാവശ്യപ്പെട്ട് ആക്രമിക്കുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്. അമ്മയുടെ നെഞ്ചത്ത് കുത്തുകയും മുഖത്ത് അടിക്കുകയും ചെയ്തു. സ്വത്ത് ഉടൻ എഴുതിത്തരില്ലെന്ന് പറഞ്ഞപ്പോൾ, മുറിയിലുണ്ടായിരുന്ന നിലവിളക്ക് എടുത്ത് തലയിൽ അടിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
ബഹളം കേട്ട് ഓടിയെത്തിയ അടുത്ത വീട്ടിലെ യുവാവാണ് പ്രതിയെ പിടിച്ചുമാറ്റിയത്. തുടർന്ന് ചേവായൂർ പോലീസ് വേങ്ങേരിയിൽ നിന്നാണ് സലിൽ കുമാറിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചേവായൂർ ഇൻസ്പെക്ടർ മഹേഷിന്റെ നിർദ്ദേശപ്രകാരം എസ്.ഐ.മാരായ റഷീദ്, മിജോ, എ.എസ്.ഐ. വിജേഷ്, സി.പി.ഒ. ദീപക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
