ഇന്ത്യൻ വ്യോമസേനയുടെ അത്യാധുനിക പോർവിമാനമായ റഫാലിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ നിന്നാണ് രാഷ്ട്രപതി റഫാൽ പറത്തിയത്. ഇതോടെ റഫാലിൽ പറക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രസിഡൻറ് എന്ന ചരിത്രനേട്ടമാണ് രാഷ്ട്രപതി സ്വന്തമാക്കിയത്.

രാവിലെ അംബാല വ്യോമസേനത്താവളത്തിൽ എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. തുടർന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗിൻറെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ സർവ സൈന്യാധിപ റഫാൽ കോക്ക്പിറ്റിലേക്ക്. 30 മിനിറ്റോളം നീണ്ട യാത്രയിൽ രാഷ്ട്രപതി ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷിയും, റഫാൽ വിമാനത്തിൻറെ മികവും അടുത്തറിഞ്ഞു. ഏപ്രിൽ 22 ന് നടന്ന ഭീകരമായ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിൽ റാഫേൽ ജെറ്റുകൾ ഉപയോഗിച്ചിരുന്നു.

ഫ്രഞ്ച് നിർമ്മിത നാലാം തലമുറ പോർവിമാനമായ റഫാൽ 2020 ൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ ശേഷം രാജ്യത്തിൻറെ വ്യോമപ്രതിരോധ രംഗത്തെ നിർണായക ശക്തിയായി മാറിയിരുന്നു. 2023 ൽ അസമിലെ തേസ്പൂർ എയർഫോഴ്‌സ് സ്റ്റേഷനിൽ വെച്ച് രാഷ്ട്രപതി സുഖോയ്-30 MKI പോർവിമാനത്തിലും പറന്നിരുന്നു. മുൻ രാഷ്ട്രപതിമാരായ എപിജെ അബ്ദുൾ കലാം, പ്രതിഭാ പാട്ടീൽ എന്നിവരും സുഖോയ് വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *