കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ വൈദ്യുതി തൂണില്‍നിന്ന് ഷോക്കേറ്റ് മരിച്ച മുഹമ്മദ് റിജാസിൻ്റെ കുടുംബത്തിന് മുഴുവന്‍ നഷ്ടപരിഹാരത്തുകയും ലഭ്യമാക്കുമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ അംഗം പി റോസ. നിലവില്‍ അഞ്ച് ലക്ഷം രൂപയാണ് കുടുംബത്തിന് ലഭിച്ചത്. ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് ബാക്കി അഞ്ച് ലക്ഷം കൂടി നല്‍കാന്‍ കോഴിക്കോട് പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ നിര്‍ദേശം നല്‍കിയെന്ന് അവര്‍ അറിയിച്ചു.

അതേസമയം, കമ്മീഷൻ സിറ്റിങ്ങില്‍ മറ്റു പല വിഷയങ്ങളും ചര്‍ച്ച ചെയ്തു. മുഖദാറിലെ മതപഠന കേന്ദ്രത്തിൻ്റെ പേരില്‍ ബിനേഷ് എന്നയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്ന പരാതിയില്‍ നടപടി സ്വീകരിച്ചതായും കമ്മീഷന്‍ അറിയിച്ചു. പൊലീസ് അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തുകയും പരാതി സത്യമാണെന്ന് തെളിയുകയും ചെയ്തു. എന്നാല്‍, വ്യാജമായി നിര്‍മിച്ച സര്‍ട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്തിട്ടില്ലെന്ന് തെളിഞ്ഞതിനാല്‍ കേസ് അവസാനിപ്പിച്ചു. ഈ കേസില്‍ പൊലീസ് അന്വേഷണം തുടരുമെന്നും കമ്മീഷന്‍ പറഞ്ഞു.

വീട് വെക്കാന്‍ പെര്‍മിറ്റ് നല്‍കാതിരുന്നതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ക്കര നിസാര്‍ ഹംസ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ നടപടി ആവശ്യപ്പെട്ടു. മൂന്ന് മാസത്തിനകം പെര്‍മിറ്റ് നല്‍കാതിരുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ ഓഫീസിനോട് ആവശ്യപ്പെട്ടു.

സിറ്റിങ്ങില്‍ പരിഗണിച്ച ആറ് പരാതികളില്‍ നാലെണ്ണം തീര്‍പ്പാക്കി. ബാക്കി പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. ക്രിസ്ത്യന്‍, മുസ്‌ലിം, സിഖ്, പാഴ്സി, ജൈന, ബുദ്ധ സമുദായംഗങ്ങള്‍ക്ക് 9746515133 എന്ന വാട്സ്ആപ്പ് നമ്പറിലോ kscminorities@gmail.com എന്ന മെയില്‍ ഐഡിയിലോ നേരിട്ടോ കമീഷന് പരാതികള്‍ നല്‍കാം. ജൂനിയര്‍ അസിസ്റ്റൻ്റ് ആര്‍ സി രാഖിയും സിറ്റിങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *