ആശാവർക്കർമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ച് ജനകീയ സർക്കാർ. അംഗൻവാടി വർക്കർമാരുടേയും, ഹെൽപ്പർമാരുടേയും പ്രതിമാസ ഓണറേറിയം ആയിരം രൂപ വീതം വർധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 66,240 പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പ്രതിവർഷം 934 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് 2024ലാണ് ഓണറേറിയം വർധിപ്പിച്ചത്. കുടുംബശ്രീ എഡിഎസിന് പ്രവർത്തന ഗ്രാന്റായി പ്രതിമാസം 1,000 രൂപ (19,470) നൽകും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം 1000 രൂപയായി വർധിപ്പിച്ചു. പ്രതിവർഷം 5 കോടി അഞ്ച് ലക്ഷം രൂപയാണ് അധികമായി ചെലവാകുക. ഇതുവരെയുള്ള കുടിശിക മുഴുവനായും തീർക്കും. ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിക്കും. 26,125 പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഈ ഇനത്തിൽ പ്രതിവർഷം 250 കോടി രൂപ ചെലവാകും. ഇതുവരെയുള്ള കുടിശികയും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത (ഡി.എ.) അനുവദിച്ചു. കുടുംബ എ.ഡി.എസ് (അയൽക്കൂട്ട സമിതി) ഗ്രാന്റ് പ്രതിമാസം 1000 രൂപയായി ഉയർത്തി. വർദ്ധിപ്പിച്ച ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും നവംബർ മാസം മുതൽ വിതരണം ചെയ്തു തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
