നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (എൻഐടിസി), സ്പിക് മാക്കെയുമായി (സൊസൈറ്റി ഫോർ ദ പ്രൊമോഷൻ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് ആൻഡ് കൾച്ചർ അമങ്സ്റ്റ് യൂത്ത്) സഹകരിച്ച് ദ്വിദിന സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു. ഒക്ടോബർ 30, 31 തീയതികളിൽ നടന്ന പരിപാടി ഇന്ത്യയുടെ സമ്പന്നമായ ക്ലാസിക്കൽ പൈതൃകവും വിജ്ഞാന പാരമ്പര്യവും ആഘോഷിച്ചു. പ്രശസ്ത കലാകാരന്മാരും അക്കാദമിക് വിദഗ്ധരും വിദ്യാർത്ഥികളും പരിപാടിയുടെ ഭാഗമായി.

വ്യാഴാഴ്ച നടന്ന ചടങ്ങ് സ്പിക് മാക്കെ സ്ഥാപകനും പത്മശ്രീ ജേതാവുമായ ഡോ. കിരൺ സേട്ട് ഉദ്ഘാടനം ചെയ്തു. എൻഐടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ചു. സെന്റർ ഫോർ കൾച്ചർ ആൻഡ് ആർട്‌സ് റിലേഷൻസ് (സിസിഎആർ) ചെയർപേഴ്‌സൺ ഡോ. മഹേഷ് കുമാർ സ്വാഗതം പറഞ്ഞു. സ്പിക് മാക്കെയുടെ ദൗത്യത്തെക്കുറിച്ച് വൈസ് ചെയർപേഴ്‌സൺ ഡോ. സുനിത എസ്. സംസാരിച്ചു.
അധ്യക്ഷ പ്രസംഗത്തിൽ, എൻഐടി കാലിക്കറ്റിൽ സ്പിക് മാക്കെ ഹെറിറ്റേജ് ക്ലബ്ബ് രൂപീകരിക്കുന്നതായി പ്രൊഫ. പ്രസാദ് കൃഷ്ണ പ്രഖ്യാപിച്ചു. കലയും മൂല്യങ്ങളും സർഗ്ഗാത്മകതയും സമന്വയിപ്പിക്കുന്ന സമഗ്ര വിദ്യാഭ്യാസത്തോടുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡീൻ (സ്റ്റുഡന്റ് വെൽഫെയർ) ഡോ. സത്യനന്ദ പാണ്ഡ ആശംസകൾ അർപ്പിക്കുകയും സ്പിക് മാക്കെ പ്രവർത്തനങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകുകയും ചെയ്തു. പ്രോഗ്രാം കോർഡിനേറ്റർ ഡോ. തമൽ പ്രമാണിക് നന്ദി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന സാംസ്കാരിക സന്ധ്യയിൽ, സംഗീത നാടക അക്കാദമി അവാർഡ് ജേതാവും ഗ്വാലിയോർ, കിരാന ഘരാനകളിലെ പ്രമുഖനുമായ പണ്ഡിറ്റ് വിനായക് തോർവിയുടെ ഹിന്ദുസ്ഥാനി വോക്കൽ കച്ചേരി അരങ്ങേറി. ശ്രീ നിരഞ്ജന ഹെഗ്‌ഡെ (ഹാർമോണിയം), ശ്രീ യോഗേഷ് ഭട്ട് (തബല), ശ്രീ ശ്രീകൃഷ്ണ, ശ്രീമതി അർച്ചന കാമത്ത് (തമ്പുര) എന്നിവർ പക്കമേളമൊരുക്കി.
രണ്ടാം ദിവസം “ഇന്ത്യൻ വിജ്ഞാന സംവിധാനങ്ങൾ – ഇന്നത്തെ യുവജനങ്ങൾക്ക് അവയുടെ പ്രസക്തി” എന്ന വിഷയത്തിൽ ഡോ. കിരൺ സേട്ട് പ്രഭാഷണം നടത്തി. തുടർന്ന് എൻഐടിസിയിലെ സ്പിക് മാക്കെ സ്റ്റുഡന്റ് ചാപ്റ്ററിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് സംവാദവും നടന്നു. എൻഐടിസിയിലെ സെന്റർ ഫോർ കൾച്ചർ ആൻഡ് ആർട്‌സ് റിലേഷൻസിന്റെ (സിസിഎആർ) ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *