അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഭൂലോക തട്ടിപ്പെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സർക്കാർ പുറത്തുവിട്ട കണക്ക് അടിസ്ഥാനമില്ലാത്തതാണ്. പ്രഖ്യാപനം വെറും പിആർ പ്രചരണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാത്ത പൊങ്ങച്ചമാണെന്നും ദാരിദ്ര്യത്തിൽ നിന്ന് മോചിതരായത് മോദി സർക്കാരിന്റെ പദ്ധതികൾ കാരണമാണെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കാത്തതിന് കാരണം കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യങ്ങളാണ്. സർക്കാർ ഖജനാവിൽ കാശില്ലാത്തതിനാൽ കേന്ദ്ര പദ്ധതികൾ അട്ടിമറിച്ചു. നടക്കുന്നത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രം. കണ്ടെത്തിയ അറുപതിനായിരം പേരിൽ ഭൂരിഭാഗവും സിപിഐഎം പ്രവർത്തകർ. സർവ്വേ നടത്തിയത് എകെജി സെന്ററിൽ നിന്ന് പറഞ്ഞയച്ച വിദഗ്ധരെ വച്ചാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ഒരു രൂപയുടെ ചെലവ് സംസ്ഥാന സർക്കാരിന് ഇല്ലാതെ ഒരു കുടുംബത്തിന് 35 കിലോ അരി വീതം മോദി സർക്കാർ നൽകുന്നു. എല്ലാ പാവപ്പെട്ടവർക്കും വേണ്ടിയുള്ള എല്ലാ പദ്ധതികളും മോദി സർക്കാരാണ് നൽകുന്നത്. സംസ്ഥാനം പണം നീക്കി വെക്കാത്തതിനെ തുടർന്ന് പല പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്. ലൈഫ് മിഷനിൽ ഏഴ് ലക്ഷത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുന്നു. പല വീടുകളും പൂർത്തീകരിക്കാൻ കഴിയാതെ കിടക്കുന്നുവെന്ന് സുരേന്ദ്രൻ ആരോപിച്ചു.
കേരളത്തിൽ കേന്ദ്രം നടപ്പാക്കുന്ന പദ്ധതികൾ പൂർണമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കാത്തത് ഖജനാവിൽ കാശില്ലാത്തതുകൊണ്ടാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ദാരിദ്ര്യ മുക്തമാക്കാൻ സംസ്ഥാന സർക്കാർ സ്വന്തമായി എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് അദേഹം പറഞ്ഞു.
