സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നടൻ പ്രേംകുമാറിനെ നീക്കിയത് അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചതിനാലാണ് എന്നും അതിൽ യാതൊരു അതിശയോക്തിപരമായി ഒന്നുമില്ലെന്നും മന്ത്രി സജി ചെറിയാൻ. പുതിയ അധ്യക്ഷന്റെ ചുമതല കൈമാറുന്നതിൽ തന്നെ വിളിച്ച് അറിയിക്കാമായിരുന്നു എന്ന പ്രേംകുമാറിന്റെ പരിഭവം കഴമ്പുള്ളതല്ലെന്നും മന്ത്രി വ്യക്തമാക്കി
കാലാവധി തീർന്നപ്പോൾ പുതിയ ഭാരവാഹികളെ തീരുമാനിക്കേണ്ട ഉത്തരവാദിത്വം സ്വാഭാവികമായും ഗവൺമെന്റിനുണ്ട്. അതിന്റെ ഉത്തരവ് പുറപ്പെടുവിക്കുക മാത്രമാണ് ചെയ്തത്. അക്കാദമിയിലെ ഭാരവാഹികൾ പ്രേംകുമാറിനെ വിവരം അറിയിച്ചു കാണുമെന്ന് താൻ വിശ്വസിക്കുന്നതായും, കാരണം അത് അവരുടെ ഉത്തരവാദിത്തമാണ് എന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഈ ഉത്തരവ് പുറപ്പെടുവിക്കുന്ന സമയത്ത് താൻ വിദേശത്തായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു പാർട്ടിക്ക് അനഭിമതനായി പോയി എന്ന പ്രചാരണങ്ങളോ, ആശാ സമരത്തെ പ്രകീർത്തിച്ചു എന്ന ആരോപണങ്ങളോ ശരിയല്ല. അദ്ദേഹം ഒരു ക്രിസ്റ്റൽ ക്ലിയർ ആയിട്ടുള്ള ഇടതുപക്ഷക്കാരനാണ്. അദ്ദേഹത്തിന് നല്ല പരിഗണനയാണ് സർക്കാരും പാർട്ടിയും നൽകിയത്. അദ്ദേഹം മൂന്ന് വർഷം അക്കാദമിയുടെ വൈസ് ചെയർമാനായും രണ്ട് വർഷം അതിന്റെ ചെയർമാനായും സേവനം അനുഷ്ഠിച്ചു. പ്രേംകുമാർ ചെയ്ത സേവനങ്ങളെ അങ്ങേയറ്റം മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായി മന്ത്രി വ്യക്തമാക്കി. താൻ അദ്ദേഹത്തെ വിളിച്ച് സംസാരിക്കുകയും, ചെയ്ത സേവനങ്ങളെപ്പറ്റി പരസ്യമായി പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് ഒരു പ്രയാസവും ഉണ്ടെന്ന് തനിക്ക് തോന്നിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രേംകുമാറിനെ സ്നേഹിച്ച് കൂടെ നിർത്തിയാണ് ഒരുമിച്ച് മുന്നോട്ട് പോയതെന്നും മന്ത്രി പറഞ്ഞു. കാലാവധി കഴിഞ്ഞപ്പോൾ പുതിയൊരു ടീമിനെ വെച്ചു എന്നതല്ലാതെ മറ്റൊന്നുമില്ല. പുതിയതായി വെച്ച ടീം ഒട്ടും മോശമല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
