ഇടുക്കി: മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ മുംബൈ സ്വദേശിയായ ജാൻവി എന്ന യുവതിക്ക് ടാക്സി ഡ്രൈവർമാരിൽ നിന്ന് മോശം അനുഭവം നേരിട്ടെന്ന പരാതിയിൽ രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ. മൂന്നാർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സാജു പൗലോസ്, ഗ്രേഡ് എസ് ഐ ജോർജ് കുര്യൻ എന്നിവർക്കെതിരെയാണ് നടപടി. ഒക്ടോബർ 31 നായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്നാറിൽ നിന്ന് യൂബർ ടാക്സി ബുക്ക് ചെയ്ത ജാൻവിയ്ക്ക് നേരെ ഒരു കൂട്ടം ടാക്സി ഡ്രൈവർമാർ ഭീഷണിയുമായി എത്തുകയായിരുന്നു. ഈ സമയം പൊലീസിന്റെ സഹായം തേടുകയും 2 പൊലീസുകാർ തനിക്കൊപ്പം നിൽക്കാതെ ടാക്സി ഡ്രൈവർ യൂണിയനിനൊപ്പം നിൽക്കുകയുമായിരുന്നു ഇക്കാര്യം ജാൻവി തന്റെ വീഡിയോയിലും വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ വിനോദസഞ്ചാരിയായ യുവതിയ്‌ക്കൊപ്പം നിൽക്കാതെ ജോലിയിൽ കൃത്യവിലോപം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി.

ജാൻവി ബുക്ക് ചെയ്ത യൂബർ ടാക്സിയിൽ സഞ്ചരിക്കാൻ യൂണിയൻ നേതാക്കൾ സമ്മതിക്കില്ലെന്നും മൂന്നാറിൽ നിന്ന് തന്നെയുള്ള വാഹനം തന്നെ യാത്രചെയ്യാൻ വിളിക്കണമെന്നും ടാക്സി ഡ്രൈവർമാർ ആവശ്യപ്പെടുകയായിരുന്നു. ആറു പേരുടെ സംഘം തടഞ്ഞുവെച്ചു എന്ന് യുവതി സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. പൊലീസിൽ വിവരമറിയിച്ചിട്ടും അനുകൂല നിലപാട് ഉണ്ടായില്ല എന്നും പരാതിയുണ്ടായിരുന്നു.എന്നാൽ ദുരനുഭവം പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇടുക്കി എസ്പിയുടെ നിർദേശപ്രകാരം മൂന്നാർ പൊലീസ് കേസെടുക്കുകയായിരുന്നു.

പൊലീസ് കേസെടുത്തതിന് പിന്നാലെ യുവതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ പിൻവലിച്ചു. സംഘം ചേർന്ന് തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് മൂന്നാർ പൊലീസ് 6 പേർക്കെതിരെ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *