ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം അടിയന്തിര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ച് കെ രാധാകൃഷ്ണൻ എംപി. കഴിഞ്ഞ ദിവസം വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് കെ രാധാകൃഷ്ണൻ എംപി കത്ത് നൽകിയത്. ട്രെയിൻ യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിൽ റെയിൽവേ സംവിധാനത്തിനുണ്ടായ സുരക്ഷാ വീഴ്ചകൾ എംപി ചൂണ്ടിക്കാട്ടി.

വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് മദ്യലഹരിയിലായിരുന്ന ഒരാൾ യുവതിയെ തള്ളിയിട്ട് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവം, ട്രെയിനുകളിലെ സുരക്ഷാ വീഴ്ചകളുടെ ഭീകരമായ ചിത്രം വ്യക്തമാക്കുന്നതായി എംപി കത്തിൽ പറഞ്ഞു. റെയിൽവേ യാത്രക്കാരിൽ, പ്രത്യേകിച്ച് വനിതാ യാത്രക്കാരിൽ, സുരക്ഷാ ആശങ്കകൾ വർദ്ധിപ്പിക്കുന്ന സംഭവമാണിത്. ട്രെയിനുകളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവവും, യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ മദ്യലഹരിയിൽ ഉള്ളവരുടെ സാന്നിധ്യവും അനുവദിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. യാത്ര ചെയ്യുമ്പോൾ സ്ത്രീകൾക്ക് സ്വകാര്യ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം എ‍ഴുതി.

പൊതുഗതാഗത സംവിധാനമായ റെയിൽവേയിൽ യാത്രക്കാർക്ക് പേടിയില്ലാതെ സഞ്ചരിക്കാൻ കഴിയണമെന്നും രാത്രികാലങ്ങളിൽ ഉൾപ്പെടെ എല്ലാ ജനറൽ കംപാർട്ട്‌മെന്റുകളിലും വനിതാ കംപാർട്ട്‌മെന്റുകളിലും ആർപിഎഫ്/ജിആർപി ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു.

എല്ലാ കോച്ചുകളിലും അടിയന്തര അലാറം ബട്ടണുകൾ സ്ഥാപിക്കണമെന്നും നിലവിൽ ഉള്ളവ എളുപ്പത്തിൽ കാണാനും ഉപയോഗിക്കാനും കഴിയുന്ന രീതിയിൽ മാറ്റി സ്ഥാപിക്കാൻ നടപടിയെടുക്കണമെന്നും എം പി പറഞ്ഞു. റെയിൽവേ യാത്രക്കാരുടെ സുരക്ഷക്ക് അതീവ പ്രാധാന്യം നൽകി പൊതുജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും എംപി റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *