കോഴിക്കോട്: പയ്യോളി നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പത്താം വാർഡ് കൗൺസിലറായ മഹിജ എളോടിയാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് രാഷ്ട്രീയ ജനതാദളിൽ (ആർജെഡി) ചേർന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് കോൺഗ്രസിന്റെ സജീവ പ്രവർത്തകയും വാർഡ് മെമ്പറുമായ മഹിജയുടെ രാജി.

കഴിഞ്ഞ രണ്ട് ടേമിൽ കോൺഗ്രസിന്റെ കൗൺസിലറായി മത്സരിച്ച് വിജയിച്ച വ്യക്തി കൂടിയാണ് മഹിജ എളോടി. തന്റെ വികസന പ്രവർത്തനങ്ങളും ഇടപെടലുകളും ഇല്ലാത്ത ഒരു വീടും വാർഡിൽ ഇല്ലെന്നും എല്ലാവരോടും കൃത്യമായി കാര്യങ്ങൾ അന്വേഷിച്ച് പ്രവർത്തന രംഗത്ത് നിന്ന വ്യക്തിയാണ് താനെന്നും അവർ പറയുന്നു. അത്തരത്തിൽ പ്രവർത്തിച്ചിട്ടും ആ പരിഗണന പോലും കോൺഗ്രസ് നൽകിയില്ല.

കോൺഗ്രസ് നേതാക്കൾ തന്നെ നിരവധി തവണ പൊതുവേദിയിൽ വെച്ച് മോശമായി പെരുമാറി. ഈ വിഷയത്തിൽ ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും തനിക്ക് ഒരു പരിഗണനയും ലഭിച്ചില്ല. നടപടി ഉണ്ടാകുമെന്ന് കാത്തിരുന്നെങ്കിലും ഒരു തരത്തിലുമുള്ള പരിഗണനയും ലഭിക്കാത്തതിനാലാണ് താൻ പാർട്ടി വിടുന്നതെന്നും അവർ പറയുന്നു. പരാതി എഴുതി തയ്യാറാക്കി നൽകിയിട്ട് പോലും കോൺഗ്രസ് നേതാക്കൾ തന്നെ തേജോവധം ചെയ്യാനാണ് ശ്രമിച്ചതെന്നും മഹിജ എളോടി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *