ഡൽഹി: പാകിസ്ഥാൻ രഹസ്യമായി ആണവ പരീക്ഷണം നടത്തിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയോട് ശക്തമായി പ്രതികരിച്ച് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിനോട് വ്യക്തമാക്കി.

“അത്തരം റിപ്പോർട്ടുകളിൽ ഇന്ത്യ പരിഭ്രാന്തരാകില്ല. ആണവായുധം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആകാം. നമുക്ക് അവരെ തടയാൻ കഴിയുമോ? ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം തയ്യാറാണ്,” രാജ്നാഥ് സിങ് പറഞ്ഞു. പാകിസ്ഥാൻ പരീക്ഷണം നടത്താൻ ഒരുങ്ങിയാൽ ഇന്ത്യയും നടത്തുമോ എന്ന ചോദ്യത്തിന്, “അവർ അത് ചെയ്യുന്നുണ്ടോ എന്ന് നമുക്ക് ആദ്യം നോക്കാം” എന്നായിരുന്നു മന്ത്രിയുടെ മറുപടി.

പാകിസ്ഥാൻ രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുന്നത് തുടരുകയാണെന്നും അതുകൊണ്ട് അമേരിക്കയും പരീക്ഷണം നടത്താൻ പോവുകയാണെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. ട്രംപിന്റെ ഈ വാദം പാകിസ്ഥാൻ തള്ളിയിരുന്നു.

പാകിസ്ഥാന്റെ ആണവായുധ പരീക്ഷണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തി. രഹസ്യവും നിയമവിരുദ്ധവുമായ ആണവ പ്രവർത്തനങ്ങൾ ഇസ്‌ലാമാബാദിന്റെ ചരിത്രത്തിൻ്റെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. പതിറ്റാണ്ടുകളായുള്ള കള്ളക്കടത്ത്, കയറ്റുമതി നിയന്ത്രണ ലംഘനങ്ങൾ, രഹസ്യ പങ്കാളിത്തങ്ങൾ, എ.ക്യു ഖാൻ ശൃംഖല എന്നിവയെ കേന്ദ്രീകരിച്ചുള്ളതാണ് പാകിസ്ഥാൻ്റെ ആണവ ചരിത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാന്റെ ഇത്തരം പ്രവർത്തനങ്ങളിലേക്ക് ഇന്ത്യ എപ്പോഴും രാജ്യാന്തര സമൂഹത്തിൻ്റെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *