ഭക്ഷ്യ ധാന്യങ്ങള്‍ പൂഴ്ത്തിവച്ച് കൂടുതല്‍ വിലയ്ക്ക് വിറ്റ് ജനങ്ങളില്‍ നിന്ന് പണം തട്ടാന്‍ ശ്രമിക്കുന്ന കരിഞ്ചന്തക്കാരന്റെ മനസ്സാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കരിഞ്ചന്തക്കാരനും പിണറായി വിജയനും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്? ഒരു സര്‍ക്കാരും ഇത്രയും അധഃപതിക്കാന്‍ പാടില്ലാത്തതാണ്. കുട്ടികള്‍ക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യരുതെന്നല്ല, ഏപ്രില്‍ ആറിന് ശേഷം വിതരണം ചെയ്യണമെന്നാണ് പ്രതിപക്ഷം പറഞ്ഞത്. സെപ്റ്റംബര്‍ മുതല്‍ എട്ടുമാസത്തോളം കുട്ടികളുടെ ഭക്ഷ്യധാന്യ വിതരണം മുടക്കിയത് ആരാണ്? ഈ കുട്ടികളുടെ അന്നം മുടക്കിയത് പിണറായി അല്ലേ?ഇപ്പോഴിത് വിതരണം ചെയ്യുന്നത് വോട്ടിന് വേണ്ടിയല്ലേ എന്നും ചെന്നിത്തല ചോദിച്ചു.
സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ കൊടുക്കേണ്ട ഭക്ഷ്യ ധാന്യങ്ങള്‍ പൂഴ്ത്തിവച്ച് അത് വിതരണം ചെയ്യാതെ കാലതാമസ്സമുണ്ടാക്കി, തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്ക്കുമ്പോള് വിതരണം ചെയ്ത് വോട്ട് തട്ടാനുള്ള വിലകുറഞ്ഞ തന്ത്രമാണ് എല്‍ഡിഎഫ് ഗവണ്മെന്റ് സ്വീകരിച്ചതെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഭക്ഷ്യ ധാന്യ വിതരണം മുടങ്ങുന്ന കാര്യം പ്രതിപക്ഷം നിരന്തരം ഓര്‍മ്മിപ്പിച്ചതാണ്. എന്നാല്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു. ഞങ്ങള്‍ക്ക് തോന്നുമ്പോള്‍ തരും, നീയൊക്കെ അത് കഴിച്ചാല്‍ മതിയെന്ന ധാര്‍ഷ്ട്യമാണ് പിണറായി വിജയനുള്ളത്. ഈ ഭക്ഷ്യധാന്യ വിതരണം എകെജി സെന്ററില്‍ നിന്നുള്ളതല്ല. യുപിഎ ഗവര്‍ണമെന്റ് പാസാക്കിയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.