തിരുവനന്തപുരം: തെക്കൻ കേരളത്തിന് മഴ ഭീഷണിയായി അറബിക്കടലിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടു. തെക്കൻ കേരള തീരത്തിന് സമീപത്തായാണ് ഈ പുതിയ ചുഴി രൂപം കൊണ്ടത്. ഈ സാഹചര്യത്തിൽ, തെക്കൻ ജില്ലകളിലും മധ്യ ജില്ലകളിലും ഉച്ചയ്ക്ക് ശേഷവും രാത്രിയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി.

കൂടാതെ, ഈ മേഖലകളിൽ പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക. പുതിയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് (10/11/2025) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ (11/11/2025) തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *