കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച ജാമ്യഹർജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് കോടതി താൽക്കാലികമായി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. ഈ കേസിൽ നാലാം പ്രതിയാണ് എസ്. ജയശ്രീ. നേരത്തെ വിചാരണക്കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
തനിക്കെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജയശ്രീ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ദേവസ്വം ബോർഡ് മിനുട്ട്‌സിൽ തിരുത്തൽ വരുത്തിയത് ജയശ്രീയാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന വിലയിരുത്തൽ.
ചെമ്പു പാളികൾ തിരികെ കൊടുത്തു വിടാനുള്ള ദേവസ്വം ബോർഡ് മിനിട്ട്‌സിലാണ് തിരുത്തൽ വരുത്തി ‘ചെമ്പു പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിടണം’ എന്ന് ജയശ്രീ എഴുതിയത്. ഈ മിനുട്ട്‌സ് തിരുത്തിയതിലൂടെ സ്വർണ്ണക്കൊള്ളയ്ക്ക് വഴിയൊരുക്കി എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ കേസിന്റെ ജാമ്യഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
