മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കരുളായി തെക്കേമുണ്ട ആറാട്ടു തൊടി സ്വദേശി സുഹൈലിനെ (35) ആണ് എടവണ്ണയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമം ചുമത്തി കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലേക്ക് പോവുകയായിരുന്ന കുട്ടികളെ സ്വന്തം ഗുഡ്സ് ഓട്ടോറിക്ഷയിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. കുട്ടികളുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂക്കോട്ടുംപാടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
എസ്ഐമാരായ ജെയിംസ് ജോൺ, ദിനേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിൻ്റെ വിശദാംശങ്ങളും പ്രതിയുടെ മുൻകാല ചരിത്രവും പോലീസ് പരിശോധിച്ചു വരികയാണ്.
