ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസിടിച്ച് പ്ലേ സ്കൂൾ വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സംസ്ഥാന ബാലാവകാശ കമ്മീഷൻ. ഈ പശ്ചാത്തലത്തിൽ, കമ്മീഷൻ സ്കൂളിനെതിരെ സ്വമേധയാ കേസെടുത്തു. ചെറുതോണി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിനിയായ നാല് വയസുകാരി ഹെയ്സൽ ബെൻ ആണ് സ്കൂൾ മുറ്റത്ത് വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.

കുട്ടിയുടെ മരണത്തിന് കാരണം സ്കൂൾ അധികൃതരുടെ കടുത്ത അനാസ്ഥയാണെന്നാണ് കമ്മീഷന്റെ പ്രാഥമിക നിഗമനം. സംഭവത്തിൻ്റെ പൂർണ്ണ വിവരങ്ങൾ ഉൾക്കൊള്ളുന്ന വിശദമായ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിയോടും വിദ്യാഭ്യാസ വകുപ്പ് അധികൃതരോടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്കൂളിന്റെ വാഹന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും കുട്ടികളെ ശ്രദ്ധിക്കുന്നതിലും ഗുരുതരമായ വീഴ്ച സംഭവിച്ചതായി കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂൾ അധികൃതർക്ക് വലിയ ഉത്തരവാദിത്തമുണ്ട്. എന്നാൽ ഈ സംഭവത്തിൽ ആ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ സ്കൂൾ പരാജയപ്പെട്ടു. വിദ്യാർഥിനിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി അന്വേഷിച്ച്, വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *