കോവിഡ് രോഗിയെ ആംബുലസിൽ പീഡിപ്പിച്ച കേസിൽ പ്രതി നൗഫലിന് ജാമ്യമില്ല. ഹൈക്കോടതിയാണ് നൗഫലിന്റെ ജാമ്യാപേക്ഷ തള്ളിയത്. 2020 സെപ്റ്റംബർ അഞ്ചിന് രാത്രിയായിരുന്നു സംഭവം. അടൂരിലെ ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പന്തളത്തെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാനാണ് ആരോഗ്യവകുപ്പ് 108 ആംബുലൻസ് അയച്ചത്.
കോഴഞ്ചേരി കോവിഡ് ആശുപത്രിയിലേക്ക് എത്തിക്കേണ്ട മറ്റൊരു സ്ത്രീരോഗിയെയും കൂട്ടിയാണ് ആംബുലൻസ് രാത്രി 11 മണിക്ക് ശേഷം അടൂരിൽനിന്ന് പുറപ്പെട്ടത്. പന്തളത്ത് യുവതിയെ ഇറക്കേണ്ടതിനു പകരം ആംബുലൻസ് കോഴഞ്ചേരിയിലേക്ക് യാത്ര തുടർന്നു. അവിടെ രണ്ടാമത്തെ സ്ത്രീയെ ഇറക്കിയ ശേഷം പന്തളത്തേക്ക് മടങ്ങുംവഴി, ആംബുലൻസ് ഡ്രൈവറായ നൗഫൽ യുവതിയുമായി ആറന്മുള നാൽക്കാലിക്കൽ പാലത്തിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പന്തളം കോവിഡ് കേന്ദ്രത്തിൽ എത്തിയ ഉടൻതന്നെ പീഡനവിവരം യുവതി അധികൃതരോട് അറിയിച്ചു. അധികൃതർ ഉടൻതന്നെ പോലീസിനെ വിവരമറിയിക്കുകയും, പോലീസ് ഡ്രൈവറായ നൗഫലിനെ കസ്റ്റഡിയിലെടുത്ത് തുടർ നിയമനടപടികൾ സ്വീകരിക്കുകയുമായിരുന്നു.
