കോഴിക്കോട്: മെഡിക്കൽ കോളേജ് പരിസരത്തെ സ്റ്റേഷനറി കടകളുടെ മറവിൽ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ രണ്ടുപേരെ പോലീസ് പിടികൂടി. കോട്ടപ്പറമ്പ് സ്വദേശി പിലാത്തോട്ടത്തിൽ മീത്തൽ കെ. അനിൽ കുമാർ (49), കൊളത്തറ ശാരദാമന്ദിരം സ്വദേശി കെ.പി ഹൗസിൽ കെ.പി സഫീർ എന്നിവരാണ് അറസ്റ്റിലായത്.
മെഡിക്കൽ കോളേജ് എസ്.ഐമാരായ സുലൈമാൻ, അമൽ ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജ് ഭാഗത്ത് ഡാൻസാഫ് ടീം നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് സ്റ്റേഷനറി കടകളിൽ കച്ചവടത്തിൻ്റെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കണ്ടെത്തിയത്.
രണ്ട് കടകളിൽ നിന്നായി ‘ഹാൻസ്’ ഉൾപ്പെടെയുള്ള 71 പായ്ക്കറ്റുകൾ നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു. ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. അബ്ദുറഹ്‌മാൻ, എ.എസ്.ഐ. അനീഷ്, തൗഫീഖ്, മുഹമ്മദ് മഷ്ഹൂർ, മെഡിക്കൽ കോളേജ് എസ്.ഐ. കിരൺ, ബിനോയ് സാമുവൽ, സുരാഗ്, ജിതിൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
