തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ച നടപടിയെ വിമർശിച്ച് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ബി.ജെ.പിക്ക് വേണ്ടി ഇഡി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്നും ഒരു ‘കലാപരിപാടി’ മാത്രമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് അയച്ച് വിവാദമുണ്ടാക്കാനാണ് ഇഡിയുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഈ കേസ് ആദ്യമായി വരുന്നത് 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ്. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തും ഇത് കുത്തിപ്പൊക്കി. ഇപ്പോൾ വീണ്ടും തദ്ദേശ തെരഞ്ഞെടുപ്പായപ്പോൾ ഇത് ആവർത്തിക്കുകയാണ്. ഇത് ബിജെപിക്ക് വേണ്ടി ഇഡി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണമാണ്,” തോമസ് ഐസക് പ്രതികരിച്ചു.
മസാല ബോണ്ടിനെക്കുറിച്ചുള്ള ഇഡിയുടെ പഴയ വാദങ്ങൾ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബിക്ക് ബോണ്ടിറക്കാൻ അനുവാദമില്ലെന്നായിരുന്നു ആദ്യ വാദം. എന്നാൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുവാദത്തോടെയാണ് എല്ലാം ചെയ്തതെന്ന് വ്യക്തമായതോടെ, നിലവിൽ ഇഡിയുടെ വാദം മസാല ബോണ്ട് വഴി സമാഹരിച്ച തുക (2600 കോടിയിലേറെ രൂപ) ഭൂമി ഏറ്റെടുക്കാൻ ഉപയോഗിക്കരുതായിരുന്നു എന്നതാണ്.
“ഈ 2600 കോടിയിൽ ഒരു ഭാഗം ഭൂമിയേറ്റെടുക്കാൻ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ, ഭൂമി വാങ്ങിയിട്ടില്ല. ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത്. ഭൂമി വാങ്ങരുതെന്ന നിബന്ധന ആർബിഐ നേരത്തെ മാറ്റിയിട്ടുള്ളതാണ്. പ്രഥമദൃഷ്ട്യാ തന്നെ തള്ളേണ്ടുന്ന ഒരു കാര്യത്തിലാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്,” അദ്ദേഹം വിശദീകരിച്ചു.
