കോട്ടയം: പാലാ – പൊൻകുന്നം റോഡിൽ ഒന്നാംമൈലിൽ സ്കൂൾ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന ബസ് അപകടത്തിൽപ്പെട്ടു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് പിന്നിൽ ഇടിച്ചതിനെത്തുടർന്ന് സ്കൂൾ ബസ് ഓടയിലേക്ക് മറിയുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട തീർത്ഥാടകരുടെ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയും ചെയ്തു.
അപകടത്തിൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പരുക്കേറ്റതായാണ് വിവരം. തീർത്ഥാടകരുടെ ബസിൽ ഇരുപതോളം പേരുണ്ടായിരുന്നു. പരുക്കേറ്റ എല്ലാവരെയും ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
