രാഹുൽ മാങ്കൂട്ടത്തിനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ, പ്രതിയായ രാഹുൽ ഈശ്വർ നൽകിയ ജാമ്യഹർജി ഇന്ന് തിരുവനന്തപുരം അഡീഷണൽ സി.ജെ.എം. കോടതി പരിഗണിക്കും. നേരത്തെ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യഹർജി ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചതിനിടെയാണ് അദ്ദേഹം കീഴ്‌ക്കോടതിയിൽ വീണ്ടും ഹർജി നൽകിയത്. രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞ രാഹുൽ ഈശ്വറിനെ ഇന്നലെ ഉച്ചയ്ക്ക് ശേഷം തിരികെ പൂജപ്പുര സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചിരുന്നു. സൈബർ പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ. അതേസമയം, കേസിലെ നാലാം പ്രതിയായ കെ.പി.സി.സി. ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കേണ്ട സെഷൻസ് കോടതി ജഡ്ജി അവധിയായതിനാൽ, ചുമതലയുള്ള മറ്റൊരു കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.

തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഈശ്വർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. പരാതിക്കാരിയുടെ പേരോ മറ്റ് വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വാദിക്കുന്നു. അതേസമയം, പോലീസ് കള്ളക്കേസ് എടുത്ത് അറസ്റ്റ് ചെയ്തു എന്ന് ആരോപിച്ച് ജയിലിൽ പ്രവേശിപ്പിച്ചതുമുതൽ അദ്ദേഹം നിരാഹാരത്തിലാണ്. വെള്ളം മാത്രം മതിയെന്നാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ജയിൽ സൂപ്രണ്ടിന് എഴുതി നല്‍കുകയും ചെയ്തു. ക്ഷീണിതനായതിനെ തുടർന്ന് ഡോക്ടറുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ദിവസം രാഹുൽ ഈശ്വറിനെ ആശുപത്രിയിലെത്തിച്ച് ഡ്രിപ്പ് നൽകിയിരുന്നു. പരാതിക്കാരിക്കെതിരായ സൈബർ അധിക്ഷേപത്തിൽ സംസ്ഥാനത്ത് 20 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *