നടിയെ ആക്രമിച്ച കേസിൽ സർക്കാരിന്റെ അപ്പീൽ തീരുമാനത്തെ പരിഹസിച്ച യു ഡി എഫ് കൺവീനർ അടൂർ പ്രകാശിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മന്ത്രി വി ശിവൻകുട്ടി. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ സർക്കാർ അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ, അതിനെ തുരങ്കം വെക്കുന്ന നിലപാടാണ് യു ഡി എഫ് സ്വീകരിക്കുന്നത്.
കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇതിനെതിരെ “സർക്കാരിന് വേറെ പണിയില്ലേ” എന്ന് ചോദിക്കുന്നതിലൂടെ യുഡിഎഫ് കൺവീനർ ആർക്കൊപ്പമാണ് നിൽക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്.
നീതി തേടിയുള്ള ഒരു സ്ത്രീയുടെ പോരാട്ടത്തെ ‘പണിയില്ലായ്മ’യായി കാണുന്ന മനോഭാവം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.
ഈ വെളിപ്പെടുത്തലിലൂടെ യുഡിഎഫ് അതിജീവിതയ്ക്കൊപ്പമില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു. ഇരയ്ക്കൊപ്പം നിൽക്കുന്നു എന്ന് പറയുകയും രഹസ്യമായി വേട്ടക്കാരെ സഹായിക്കുകയും ചെയ്യുന്ന യു ഡി എഫിന്റെ ഇരട്ടത്താപ്പാണ് ഇവിടെ പുറത്തുവന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
