നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ നടൻ ദിലീപിനെ പിന്തുണച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രതികരണത്തിൽ കോൺഗ്രസ് നേതാക്കൾ അതൃപ്തി രേഖപ്പെടുത്തി. അടൂർ പ്രകാശിന്റെ പ്രസ്താവനയെ തള്ളിക്കൊണ്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തി. കോൺഗ്രസ് അതിജീവിതയ്ക്കൊപ്പമാണെന്നും സർക്കാർ ഈ കേസിൽ അപ്പീൽ പോകണമെന്നാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയ സണ്ണി ജോസഫ്, അടൂർ പ്രകാശിന്റെ പ്രസ്താവന വ്യക്തിപരമാണെന്നും കെപിസിസി അത് അംഗീകരിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശ് നടത്തിയ പ്രസ്താവന വ്യക്തിപരമാണെന്ന് കോൺഗ്രസ് നേതാക്കളായ എം.എം. ഹസൻ, രാജ് മോഹൻ ഉണ്ണിത്താൻ എന്നിവർ വ്യക്തമാക്കി. “കോൺഗ്രസ് വേട്ടക്കാരന് ഒപ്പമല്ല” എന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉറപ്പിച്ചു പറഞ്ഞു. അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്ന് തോന്നലുണ്ടെങ്കിൽ അപ്പീൽ നൽകാവുന്നതാണെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. നേരിട്ട് തെറ്റ് ചെയ്തവർക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്. എല്ലാ വിധിയിലും എല്ലാവർക്കും പൂർണ്ണ തൃപ്തി ഉണ്ടാകില്ലെന്നും, ഇത് വ്യക്തിപരമായ കേസാണെന്നും രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
