തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ ജയിലിൽ തുടരുന്നതിനിടെ, കസ്റ്റഡിയിൽ വാങ്ങുന്നതിനായി കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യപരിശോധനയ്ക്ക് എത്തിച്ച രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്. “ദിലീപിന് നീതി ലഭിച്ചതിൽ സന്തോഷമുണ്ട്. ഞങ്ങളെ പോലുള്ളവർ കള്ളക്കേസുകളിൽ കുടുക്കപ്പെടുമ്പോൾ മാധ്യമങ്ങൾ പിന്തുണ നൽകണം,” രാഹുൽ ആവശ്യപ്പെട്ടു.
കിഡ്‌നിക്ക് പ്രശ്‌നമുണ്ടാകുമെന്ന് ഡോക്ടർ പറഞ്ഞതിനാലാണ് താൻ നിരാഹാരം അവസാനിപ്പിച്ചതെന്നും, നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ഭക്ഷണമില്ലാതെയും കിടന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. “സ്റ്റേഷൻ ജാമ്യം ലഭിക്കേണ്ട കേസാണിത്. 11 ദിവസമായി ജയിലിൽ കിടക്കുന്നു, എന്നെ ഇങ്ങനെ കിടത്തേണ്ട ഒരു ആവശ്യവുമില്ല.” തന്റെ ഭാരം 11 കിലോ കുറഞ്ഞതായും രാഹുൽ ഈശ്വർ പ്രതികരിച്ചു.
ആറാം തീയതി കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഹുൽ ഈശ്വർ നിരാഹാരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ആശുപത്രി സെല്ലിൽ കഴിയുകയായിരുന്ന അദ്ദേഹം വിശക്കുന്നുവെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് അവർ നൽകിയ 3 ദോശയും ചമ്മന്തിയും കഴിച്ചുകൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് രാഹുൽ ഈശ്വർ ചികിത്സയിലുള്ളത്. കേസിലെ എഫ്.ഐ.ആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരിയെ അവഹേളിക്കുന്ന യാതൊന്നും ഇല്ലെന്നുമായിരുന്നു കോടതിയിൽ രാഹുൽ ഈശ്വറിന്റെ വാദം. പോസ്റ്റ് പിൻവലിക്കാമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.
എന്നാൽ, രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇരകളെ അവഹേളിച്ച് മുമ്പും പോസ്റ്റുകൾ ഇട്ടിട്ടുള്ള രാഹുലിന് ഈ കേസിൽ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് കോടതി ജാമ്യഹർജി തള്ളിയത്.
