തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയെക്കുറിച്ച് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ തിരിച്ചടി അപ്രതീക്ഷിതമാണെന്ന് വിലയിരുത്തിയ അദ്ദേഹം, ആവശ്യമായ പരിശോധനകൾ നടത്തി തിരുത്തൽ വരുത്തുമെന്നും, തിരുത്തൽ വരുത്തി തിരിച്ചടി അതിജീവിച്ച ചരിത്രം എൽഡിഎഫിനുണ്ടെന്നും വ്യക്തമാക്കി.
കഴിഞ്ഞ തവണത്തേക്കാൾ കുറവുണ്ടെങ്കിലും 77 ബ്ലോക്ക് പഞ്ചായത്തിലും 343 ഗ്രാമപഞ്ചായത്തിലും (ഏകദേശം 70 സീറ്റുകൾക്ക് തുല്യം) 28 മുനിസിപ്പാലിറ്റികളിലും സിപിഎം വിജയിച്ചു. ഇത് ചെറിയ കാര്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “2010-ൽ ഇതിനേക്കാൾ വലിയ തോൽവി ഉണ്ടായി. ആ പരാജയത്തെ ഫലപ്രദമായി നേരിട്ടാണ് പിന്നീട് എൽഡിഎഫ് മുന്നോട്ട് വന്നത്. അതുകൊണ്ട് തന്നെ എൽഡിഎഫിന്റെ അടിത്തറ തകർന്നു എന്ന പ്രചാരവേല ശരിയല്ല,” എം.വി. ഗോവിന്ദൻ പറഞ്ഞു. പകുതി ജില്ലാ പഞ്ചായത്തിലും ജയിക്കാനായത് വലിയ നേട്ടമായാണ് അദ്ദേഹം വിലയിരുത്തിയത്.
തോൽവിക്ക് കാരണമായി അദ്ദേഹം പ്രധാനമായും ചൂണ്ടിക്കാട്ടിയത്, വർഗീയശക്തികളുമായി യുഡിഎഫ് പരസ്യവും രഹസ്യവുമായ നീക്കുപോക്ക് ഉണ്ടാക്കിയതാണ്. അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ വിജയമൊഴിച്ചാൽ സംസ്ഥാനത്ത് ബിജെപിക്ക് കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. “പന്തളം മുനിസിപ്പാലിറ്റിയിൽ അടക്കം എൽഡിഎഫ് ജയിച്ചു. ശബരിമല ഉൾക്കൊള്ളുന്ന വാർഡിൽ ബിജെപി തോറ്റു. പാലക്കാട് നഗരസഭയിലും അവർക്ക് ഭൂരിപക്ഷമില്ല,” അദ്ദേഹം പ്രതികരിച്ചു.
സംഘടനാപരമായ പോരായ്മകൾ ഉണ്ടോയെന്ന് വിശദമായി പരിശോധിക്കുമെന്നും, ജനങ്ങൾക്കിടയിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി ഇതിനെ അതിജീവിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇത് എൽഡിഎഫ് വിരുദ്ധ വികാരമല്ലെന്നും, അങ്ങനെയെങ്കിൽ 7 ജില്ലാ പഞ്ചായത്തിൽ വിജയിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനം ഏറ്റവും മെച്ചപ്പെട്ടത് തന്നെയാണ്. എന്നാൽ തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി വിശദമായി പരിശോധിക്കും. കൊല്ലം കോർപ്പറേഷനിലെ പരാജയം ഞെട്ടിച്ചുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വെളിപ്പെടുത്തി.
