തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കും സംഭവിച്ച വീഴ്ചകളെയും പിഴവുകളെയും ഗൗരവമായി കാണുന്നുവെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലം നിരാശാജനകമാണെങ്കിലും, എൽഡിഎഫ് ഈ പിഴവുകൾ തിരുത്തി കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്നും, ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനായി വിശദമായ പരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജനവിധി മാനിക്കുന്നുണ്ടെന്നും, പാർട്ടിയുടെയും മുന്നണിയുടെയും ഭാഗത്തുനിന്ന് ഉണ്ടായ തെറ്റായ നടപടികൾ തിരുത്തി ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള നടപടികൾക്ക് ഉടൻ തുടക്കമിടുമെന്നും അദ്ദേഹം ഉറപ്പുനൽകി.
അതേസമയം മന്ത്രി പി. രാജീവ് ശബരിമല അന്വേഷണ വിഷയത്തിലും നടി ആക്രമിക്കപ്പെട്ട കേസിലും നിലപാടുകൾ വ്യക്തമാക്കി. ശബരിമല സ്വർണമോഷണ കേസ് അന്വേഷണത്തിൽ പ്രതിപക്ഷം ആദ്യം സിബിഐ അന്വേഷണമാണ് ആവശ്യപ്പെട്ടതെങ്കിലും പിന്നീട് ആ നിലപാട് മാറ്റി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി ഉറപ്പുനൽകി. കൂടാതെ, നടി ആക്രമിക്കപ്പെട്ട കേസിൽ മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും, പ്രോസിക്യൂഷനുമായും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായും വിശദമായ ചർച്ച നടത്തിയ ശേഷമാകും തുടർനടപടികൾ തീരുമാനിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
