രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കേസിൽ കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർക്ക് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ നാലാം പ്രതിയായ സന്ദീപ്, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ വാദം പൂർത്തിയായതിനെത്തുടർന്ന് വിധി പറയാനായി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ അദ്ദേഹം പ്രതികരിച്ചു.
ഇരയുടെ ഐഡന്റിറ്റി മനഃപൂർവം വെളിപ്പെടുത്തിയിട്ടില്ലെന്നും പഴയൊരു സോഷ്യൽ മീഡിയ പോസ്റ്റ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നുമാണ് സന്ദീപിന്റെ വാദം. ഒരു വർഷം മുൻപ് പരാതിക്കാരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തപ്പോൾ പങ്കുവെച്ച ആശംസാ പോസ്റ്റ് ഇപ്പോൾ ചിലർ മനഃപൂർവം കുത്തിപ്പൊക്കിയതാണെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. ഈ ഫോട്ടോ പലരും ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പിൻവലിച്ചിരുന്നതായും, ഇരയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നുണ്ട്.
