സംസ്ഥാനത്തെ വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായുള്ള കരട് പട്ടിക നാളെ പ്രസിദ്ധീകരിക്കും. പേര് ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും ജനുവരി 22 വരെ പൊതുജനങ്ങൾക്ക് അവസരമുണ്ടാകും. പുതിയതായി പേര് ചേർക്കാൻ ഫോം നമ്പർ 6-ഉം, പ്രവാസി മലയാളികൾക്കായി ഫോം 6 എ-യുമാണ് ഉപയോഗിക്കേണ്ടത്. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കാൻ ഫോം 7-ഉം, വിലാസം മാറ്റുന്നതിനോ വിവരങ്ങളിൽ തിരുത്തൽ വരുത്തുന്നതിനോ ഫോം 8-ഉം സമർപ്പിക്കാം. ലഭിക്കുന്ന അപേക്ഷകളിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ പരിശോധന നടത്തി അന്തിമ തീരുമാനമെടുക്കും.

കരട് പട്ടികയിലെ ആക്ഷേപങ്ങളിൽ ഇലക്ടറൽ ഓഫീസർ എടുക്കുന്ന തീരുമാനത്തിൽ പരാതിയുള്ളവർക്ക് അപ്പീൽ നൽകാൻ വ്യവസ്ഥയുണ്ട്. പേര് ഒഴിവാക്കപ്പെട്ടാൽ 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഒന്നാം അപ്പീൽ നൽകാം. ഇതിലെ വിധി തൃപ്തികരമല്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് രണ്ടാം അപ്പീൽ സമർപ്പിക്കാവുന്നതാണ്. എല്ലാ നടപടികളും പൂർത്തിയാക്കി ഫെബ്രുവരി 21-ന് സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ എണ്ണം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പുതുക്കിയ പട്ടിക പ്രകാരം ഏകദേശം 24.95 ലക്ഷം പേരാണ് വിവിധ കാരണങ്ങളാൽ പുറത്തായിരിക്കുന്നത്. മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ, ഒന്നിലധികം തവണ പേര് ചേർത്തവർ എന്നിവർക്ക് പുറമെ ഫോം നൽകാൻ കഴിയാത്തവരും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ജീവിച്ചിരിക്കുന്ന പലരെയും മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി ഒഴിവാക്കിയതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്. വോട്ടർ പട്ടിക പുതുക്കാനുള്ള സമയപരിധി നീട്ടണമെന്നും ക്രിസ്മസ് അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്കും മറ്റും പേര് ചേർക്കാൻ കൂടുതൽ സമയം നൽകണമെന്നും രാഷ്ട്രീയ നേതാക്കൾ ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്.

നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് (https://www.ceo.kerala.gov.in/asd-list) സന്ദർശിക്കാവുന്നതാണ്. ഈ ലിങ്കിൽ കയറി ജില്ല, നിയമസഭാ മണ്ഡലം, ബൂത്ത് നമ്പർ എന്നിവ നൽകി ‘ASD ലിസ്റ്റ്’ ഡൗൺലോഡ് ചെയ്താൽ പുറത്തായവരുടെ വിവരങ്ങൾ ലഭ്യമാകും. പേര് അന്യായമായി ഒഴിവാക്കപ്പെട്ടവർക്ക് അവകാശവാദം ഉന്നയിക്കാൻ ഫെബ്രുവരി 21-ന് അന്തിമ പട്ടിക വരുന്നതിന് മുൻപായി അവസരമുണ്ടാകും. ക്രിസ്മസ് അവധിക്കെത്തുന്ന പലരും ഈ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിൽ (ASD) ഉണ്ടായേക്കാമെന്നതിനാൽ കൃത്യമായ പരിശോധന വേണമെന്ന ആവശ്യവും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *