വിലവർധനയുടെ ഭാരം ജനങ്ങൾ അനുഭവിക്കാതിരിക്കാനാണ് ക്രിസ്മസ് ഫെയറുകളെന്ന് മന്ത്രി ജി ആര്‍ അനിൽ. ഓണക്കാലത്തെ ഇടപെടൽ കണ്ടതാണ്. 50ലക്ഷത്തിൽ അധികം ആളുകൾ ഓണം നാളുകളിൽ സപ്ലൈകോയിൽ എത്തി. 386 കോടിയുടെ വിൽപ്പന സപ്ലൈകോ വഴി ഉണ്ടായി. ആറ് ജില്ലകളിൽ പ്രത്യേക ക്രിസ്മസ് ഫെയറുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
25 രൂപ നിരക്കിൽ 20 കിലോ അരി ഒരുക്കിയിട്ടുണ്ട്. അരി ഉൽപന്നങ്ങൾ ഫെയറിൽ ലഭ്യമാകും. സംസ്ഥാന സർക്കാറിൻ്റെ ഇടപെടലിൽ 6451 മെട്രിക് ടൺ ഗോതമ്പ് കേന്ദ്രം അനുവദിച്ചിട്ടുണ്ട്. അടുത്ത മാസം മുതൽ വെള്ള, നീല കാർഡുകൾക്ക് ആട്ട വിതരണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. 319 രൂപയാണ് സബ്സിഡി വെളിച്ചെണ്ണയുടെ വില. ഇന്ന് മുതൽ 309 രൂപയ്ക്ക് വെളിച്ചെണ്ണ ലഭിക്കും. 349 രൂപയാണ് നോൺ സബ്സിഡി വെളിച്ചെണ്ണ നിരക്ക്. ഇത് 329 രൂപക്ക് നൽകും. വെളിച്ചെണ്ണ ഒരു കാർഡിന് 2 ലിറ്റർ വരെ വാങ്ങാമെന്നും മന്ത്രി പറഞ്ഞു.
സബ്സിഡി സാധനങ്ങൾക്ക് ഫെയറിൽ വിലക്കുറവ് ഉണ്ടാകും. ഈ മാസത്തെ സാധനങ്ങൾക്ക് പുറമെ അടുത്ത മാസത്തെ സാധനങ്ങളും സപ്ലൈകോ ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങാവുന്നതാണ്. 280ൽ അധികം നോൺ സബ്സിഡി ഉൽപന്നങ്ങൾക്ക് ഓഫറുകൾ നൽകും. സിഗ്നേച്ചർ മാർട്ട് ജനുവരിയിൽ ആരംഭിക്കും. അർഹതയുള്ള കുടുംബങ്ങൾക്ക് മുൻഗണ കാർഡ് ലഭിക്കാൻ ഡിസംബർ 31 വരെ അപേക്ഷിക്കാമെന്ന് മന്ത്രി പറഞ്ഞു.
