മുംബൈ ∙ അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പാക്കിസ്ഥാനോട് ഇന്ത്യൻ ടീം തോറ്റതിനു പിന്നാലെ അസാധാരണ നടപടിയുമായി ബിസിസിഐ. ടൂർണമെന്റിൽ ടീമിന്റെ പ്രകടനം സംബന്ധിച്ച് മാനേജ്മെന്റിനോട് ബിസിസിഐ വിശദീകരണം തേടും. തിങ്കളാഴ്ച വൈകിട്ട് ചേർന്ന് ബിസിസിഐ ഓൺലൈൻ അപെക്സ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. ടൂർണമെന്റിലെ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെക്കുറിച്ച് അംഗങ്ങൾ ചർച്ച ചെയ്യുകയും ടീം മാനേജ്‌മെന്റിൽ നിന്ന് വിശദീകരണം തേടേണ്ടതുണ്ടെന്ന തീരുമാനത്തിലെത്തുകയുമായിരുന്നു.
സാധാരണയായി എല്ലാ ടൂർണമെന്റിനു ശേഷവും ടീം മാനേജർ ബിസിസിഐക്ക് ഒരു റിപ്പോർട്ട് സമർപ്പിക്കാറുണ്ടെങ്കിലും ഇത്തവണ ഒരുപടി കൂടി കടന്നാണ് ബിസിസിഐ നടപടി. ഹെഡ് കോച്ച് ഋഷികേശ് കനിത്‌കർ, ക്യാപ്റ്റൻ ആയുഷ് മാത്രെ എന്നിവരുമായി ചർച്ചകൾ നടത്തും. ഫൈനൽ മത്സരത്തിനിടെ ഇന്ത്യൻ താരങ്ങളും പാക്കിസ്ഥാൻ താരങ്ങളും പലസമയത്തും കൊമ്പുകോർത്തിരുന്നു. ക്യാപ്റ്റൻ ആയുഷ് മാത്രെ, സ്റ്റാർ ബാറ്റർ വൈഭവ് സൂര്യവംശി എന്നിവരെല്ലാം ഇതിന്റെ ഭാഗമായി. ഇക്കാര്യങ്ങൾ ബിസിസിഐ അവലോകനത്തിന്റെ ഭാഗമാകുമോ എന്നു വ്യക്തമല്ല.
