അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ പീഡനമായി കാണാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. 19 വർഷം മുമ്പ് പ്രയാഗ്‌രാജിലെ മോട്ടിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അധ്യാപകനെ പിരിച്ചുവിട്ട നടപടി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ഷംഷെരിയുടെ നിർണ്ണായക നിരീക്ഷണം.

വിദ്യാർത്ഥിയുമായി ശാരീരിക ബന്ധമുണ്ടായിരുന്നു എന്നത് സത്യമാണെങ്കിലും അത് പീഡനമല്ലെന്നും രണ്ടുപേരുടെയും സമ്മതത്തോടെ നടന്നതാണെന്നും കോടതി വിലയിരുത്തി. ഒരു അധ്യാപകൻ പുലർത്തേണ്ട ഉയർന്ന ധാർമ്മികത ഹർജിക്കാരൻ കാട്ടിയിട്ടുണ്ടാകില്ല, എന്നാൽ അതിന് പിരിച്ചുവിടൽ പോലുള്ള കഠിനമായ ശിക്ഷ നൽകുന്നത് നീതിയുക്തമല്ലെന്ന് കോടതി വ്യക്തമാക്കി.

1997-2000 കാലഘട്ടത്തിൽ എം.ടെക് വിദ്യാർത്ഥിനിയായിരുന്ന യുവതി, പഠനം കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷമാണ് അധ്യാപകനെതിരെ പരാതി നൽകിയത്. അധ്യാപകൻ മറ്റൊരു വിവാഹത്തിനൊരുങ്ങുമ്പോഴായിരുന്നു ഈ പരാതി. ആദ്യം ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ അന്വേഷണത്തിൽ പരാതി നൽകാൻ വൈകിയതിൽ സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നീട് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ബന്ധം നടന്നതായി അധ്യാപകൻ സമ്മതിച്ചെങ്കിലും അത് ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന് കോടതിയിൽ വാദിച്ചു. പിരിച്ചുവിടൽ നടപടി ഞെട്ടിക്കുന്നതാണെന്ന് നിരീക്ഷിച്ച കോടതി അധ്യാപകനെ തിരിച്ചെടുക്കാൻ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *