തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ബിജെപി അംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം. ഇത് ചട്ടവിരുദ്ധമാണെന്നും അതിനാൽ ഈ സത്യപ്രതിജ്ഞ റദ്ദാക്കണമെന്ന് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ്, കൗൺസിലർ എസ്.പി. ദീപക് എന്നിവരാണ് പരാതി നൽകിയത്.
ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയിലോ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദമുള്ളൂ എന്നിരിക്കെ, പ്രത്യേക ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത് തെറ്റായ കീഴ്വഴക്കമാണെന്ന് സിപിഎം ചൂണ്ടിക്കാട്ടി. ചട്ടങ്ങൾ ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ നിയമപോരാട്ടം തുടരുമെന്നും പാർട്ടി വ്യക്തമാക്കി.
ഭാരതാംബ, അയ്യപ്പൻ, ആറ്റുകാൽ അമ്മ, ശ്രീ പത്മനാഭൻ എന്നിവരുടെ പേരിൽ ബിജെപി അംഗങ്ങളും, അല്ലാഹുവിന്റെ നാമത്തിൽ ഒരു യുഡിഎഫ് അംഗവുമാണ് സത്യപ്രതിജ്ഞ ചെയ്തത്. നിശ്ചിത മാതൃകയ്ക്ക് വിരുദ്ധമായി പ്രത്യേക ദൈവങ്ങളുടെ പേര് പരാമർശിച്ചതിനെതിരെ സിപിഎം രംഗത്തെത്തുകയായിരുന്നു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും, നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഇടതുമുന്നണി അറിയിച്ചു.
