ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം പുരാവസ്തു മാഫിയാ തലവന്‍ ഡി മണിയെ ചോദ്യം ചെയ്തു. ദിണ്ടിഗലിലെ ഡി മണിയുടേയും കൂട്ടാളി ശ്രീകൃഷ്ണന്റെയും വീടുകളിലും ഓഫീസുകളിലും എസ്‌ഐടി പരിശോധന നടത്തിയിരുന്നു. ഇരുവരെയും ചോദ്യം ചെയ്തതിന് പിന്നാലൊണ് റെയ്ഡ് നടത്തിയത്. ഡി മണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ഇടപാടില്‍ ശ്രീകൃഷ്ണന്‍ ഇടനിലക്കാരനായെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ സംശയം. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണസംഘം നീക്കം നടത്താനിരിക്കുകയാണ്.
ക്രൈംബ്രാഞ്ച് എസ് പി എസ് ശശിധരന്റെ നേതൃത്വത്തില്‍ ചെന്നൈയിലും ദിണ്ടിഗലിലും രണ്ട് ടീമായി തിരിഞ്ഞാണ് എസ്‌ഐടിയുടെ അന്വേഷണം. ഇരുവരെയും പ്രാഥമികമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് മണിയുടെ ചെന്നൈയിലെ ഓഫീസിലും ഇരുവരുടെയും ഡിണ്ടിഗലിലെ വീടുകളിലും എസ്‌ഐടി പരിശോധന നടത്തുന്നത്. വിഗ്രഹക്കടത്തിന് ശ്രമിച്ചിട്ടില്ലെന്നാണ് ഇരുവരുടെയും മൊഴി. ശ്രീകൃഷ്ണന്‍ ഇറിഡിയം തട്ടിപ്പുകേസില്‍ പ്രതിയാണ്.
ഡി മണിക്കും ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഇടയില്‍ ഇടനിലക്കാരനായി നിന്നത് ശ്രീകൃഷ്ണന്‍ ആണെന്നാണ് എസ്‌ഐടി സംശയിക്കുന്നത്. ഇയാളും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നാണ് എസ്‌ഐടി പരിശോധിക്കുന്നത്. ഇരുവരെയും വിശദമായി ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലേക്കും അന്വേഷണസംഘം കടന്നേക്കും.
