ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വടക്കാഞ്ചേരിയിലെ വിവാദത്തിൽ മലക്കം മറിഞ്ഞ് ലീഗ് സ്വതന്ത്രൻ ഇ യു ജാഫർ. സുഹൃത്തിനോട് തമാശയായി പറഞ്ഞതെന്ന് ജാഫർ പറഞ്ഞു. താൻ ആരിൽ നിന്നും ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും പുറത്തുവന്ന ഓഡിയോ ക്ലിപ്പ് സുഹൃത്തുക്കൾ തമ്മിലുള്ള ഒരു സംഭാഷണം മാത്രമാണെന്നും കോഴ ആരോപണത്തിൽ ജാഫർ പ്രതികരിച്ചു. ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അതിനപ്പുറം മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കാഞ്ചേരി ബ്ലോക്ക് വരവൂർ ഡിവിഷനിൽനിന്ന് യുഡിഎഫ് സ്വതന്ത്രനായി വിജയിച്ച ജാഫർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുസ്തഫയുമായി നടത്തിയ ഫോൺ സംഭാഷണം വിവാദമായിരുന്നു. യുഡിഎഫിനൊപ്പം നിന്നാൽ നറുക്കെടുപ്പിലൂടെ ഭരണം ലഭിക്കുമെങ്കിലും വ്യക്തിപരമായി തനിക്ക് നേട്ടമൊന്നുമില്ലെന്നും, എന്നാൽ എൽഡിഎഫിനെ പിന്തുണച്ചാൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമോ 50 ലക്ഷം രൂപയോ ലഭിക്കുമെന്നാണ് ഓഡിയോയിൽ ജാഫർ പറയുന്നത്. ഈ ഓഡിയോ പുറത്തുവന്നതോടെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.

താൻ പണം വാങ്ങുന്ന ആളാണെങ്കിൽ തനിക്ക് അത് വിളിച്ചു പറയേണ്ട കാര്യമില്ലല്ലോയെന്നും ജാഫർ പറഞ്ഞു. കാശ് വാങ്ങിയ ആളാണെങ്കിൽ മറ്റൊരാളോട് വിളിച്ചു പറഞ്ഞാൽ അത് റെക്കോഡ് ചെയ്യുമെന്നൊക്കെ അറിയാവുന്നതല്ലേ. എൽഡിഎഫിന്റെ ആരും തന്നെ വന്ന് കണ്ടിട്ടില്ലെന്നും ജാഫർ കൂട്ടിച്ചേർത്തു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്തിയത് ഒരു പ്രേരണയുടെയും പുറത്തല്ല. തന്റെ നാട്ടിൽ സിപിഎമ്മിനെ ഏറ്റവും കൂടുതൽ എതിർക്കുന്നയാൾ താനാണ്, ഇപ്പോഴും. താനും അവരും തമ്മിൽ യാതൊരു ഡീലുമില്ല. മനസ്സുകൊണ്ട് പോലും എൽഡിഎഫിനെ പിന്തുണയ്ക്കാത്ത ആളാണ്. കെ.പി. നഫീസയുമായി മാനസികമായി നല്ല സുഖത്തിലല്ല. വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ഏത് അന്വേഷണത്തിനും നുണ പരിശോധനയ്ക്കും തയ്യാറാണ് എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *