പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ കുരുക്കുകൾ മുറുകുന്നു. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബജീവിതം തകർത്തുവെന്ന ആരോപണവുമായി പരാതിക്കാരിയായ യുവതിയുടെ ഭർത്താവ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിക്കും ഔദ്യോഗികമായി പരാതി നൽകി.
എന്റെ അസാന്നിധ്യം മുതലെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ ഭാര്യയെ വശീകരിക്കുകയും കുടുംബബന്ധം തകർക്കുകയും ചെയ്തുവെന്ന് ഭർത്താവ് ആരോപിക്കുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 84 (സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തുന്ന തരത്തിലുള്ള പ്രലോഭനം/വശീകരണം) പ്രകാരം രാഹുലിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും നിർബന്ധിത ഗർഭഛിദ്രത്തിന് ഇരയാക്കിയെന്നും കാട്ടി യുവതി നേരത്തെ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഭർത്താവും നിയമനടപടിയുമായി മുന്നോട്ട് വന്നത്. യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പുതിയ പരാതികൾ കൂടി വന്നതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി പ്രതിസന്ധിയിലായിരിക്കുകയാണ്.
