ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണ പുരോഗതി ഹൈക്കോടതിയെ അറിയിച്ച് പ്രത്യേക അന്വേഷണ സംഘം. ശബരിമല സ്വർണ മോഷണവുമായി ബന്ധപ്പെട്ട് അരങ്ങേറിയത് വൻ ഗൂഢാലോചനയെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍ അറിയിച്ചു. സ്വര്‍ണക്കവര്‍ച്ച സംഘടിത കുറ്റകൃത്യമെന്നും എസ്‌ഐടി വ്യക്തമാക്കി.
കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയും നാഗ ഗോവര്‍ദ്ധനും പങ്കജ് ഭണ്ഡാരിയും വൻ ക്രിമിനല്‍ ഗൂഢാലോചനയാണ് നടത്തിയത്. മറ്റ് സ്വര്‍ണപ്പാളികളിലെ സ്വർണം തട്ടിയെടുക്കാനും പ്രതികള്‍ പദ്ധതി തയ്യാറാക്കിയിരുന്നു. നാഗ ഗോവര്‍ദ്ധൻ നൽകിയ ജാമ്യാപേക്ഷയെ എതിര്‍ത്താണ് എസ്‌ഐടി ഹൈക്കോടതിയിൽ വിശദീകരണം നൽകിയത്. പ്രതികള്‍ക്ക് ജാമ്യം നൽകിയാൽ തെളിവുകള്‍ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു.
പ്രതികള്‍ ബംഗളൂരുവില്‍ കൂടിക്കാഴ്ച നടത്തിയെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കവര്‍ച്ചാ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ആണ് കൂടിക്കാഴ്ച നടത്തിയത്. മൂന്ന് പ്രതികളും ചേർന്ന് 2025 ഒക്ടോബറിലാണ് കൂടിക്കാഴ്ച നടത്തിയത്. അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായി എന്നും എസ്‌ഐടി അറിയിച്ചു. 2019ലെ സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് ശേഷമുള്ള ഈ കൂടിക്കാഴ്ച കുറ്റകൃത്യം മറയ്ക്കാന്‍ ആണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചതായും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. സിഡിആര്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വാറന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതും ഗൂഢാലോചനയുടെ ഭാഗം ആണെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിച്ചു.
