വിയോജിപ്പുകളെ നിശബ്ദമാക്കുകയും അനീതിയെ സാധാരണവൽക്കരിക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ, രാഷ്ട്രീയ സംവാദങ്ങളിലൂടെയും സംഘടിത ശക്തിയിലൂടെയും മാത്രമേ ജനാധിപത്യം സംരക്ഷിക്കാനാകൂ എന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സൈറ ഷാ ഹലിം. കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ.എൽ.ഐ.ബി.എഫ്.) ഭാഗമായി നടന്ന ടോക്ക് സെഷനിൽ ‘റീക്ലെയിമിങ് ദി ഡിസ്‌കോഴ്സ് – ഹൗ എ സ്ട്രോങ്ങ്‌ ലെഫ്റ്റ് ക്യാൻ ഓഫർ ഇന്ത്യ എ റിയൽ പൊളിറ്റിക്കൽ നാറേറ്റീവ്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ നിശബ്ദതയെ ഒരു ആയുധമായാണ് അധികാരികൾ ഉപയോഗിക്കുന്നത്. ബുൾഡോസർ രാഷ്ട്രീയം വിയോജിക്കുന്നവരുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമമാണ്. നിയമപരമായ നടപടികൾ പാലിക്കാതെ പൗരന്മാരുടെ വീടുകൾ തകർക്കുന്നതിനെതിരെ വൃന്ദാ കാരാട്ടിനെപ്പോലുള്ളവർ തെരുവിലിറങ്ങി നടത്തുന്ന പ്രതിരോധമാണ് ഇടതുപക്ഷത്തിന്റെ യഥാർത്ഥ മുഖമെന്നും സൈറ ഷാ ഹലിം പറഞ്ഞു.

ക്ഷേമപ്രവർത്തനങ്ങൾ ഭരണാധികാരികൾ നൽകുന്ന ദാനധർമ്മമല്ല, മറിച്ച് പൗരന്റെ അവകാശമാണെന്ന് തെളിയിച്ച ഇടമാണ് കേരളം. ഇ.എം.എസ്സും എ.കെ.ജി.യും പടുത്തുയർത്തിയ ഈ മാതൃക ഇന്ത്യയ്ക്ക് തന്നെ പാഠപുസ്തകമാണ്. വിദ്യാഭ്യാസം, ആരോഗ്യസംവിധാനങ്ങൾ, ഭൂപരിഷ്കരണം എന്നിവയിലൂടെ പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഇവിടുത്തെ ഇടതുപക്ഷത്തിന് കഴിഞ്ഞു. വെനിസ്വേലയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച കേരള നിയമസഭയുടെ നിലപാട് ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ്.

കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ നവലിബറൽ നയങ്ങൾ നമ്മുടെ ചിന്താഗതിയെപ്പോലും മാറ്റിമറിച്ചു. ഗിഗ് തൊഴിലാളികളെ ‘സംരംഭകർ’ എന്ന് ഓമനപ്പേരിട്ട് വിളിച്ച് അവരുടെ തൊഴിൽ അവകാശങ്ങൾ നിഷേധിക്കുകയാണ്.

പൊതുമുതൽ വിൽക്കുന്നത് ലാഭകരമാണെന്നുമുള്ള തെറ്റായ ബോധം ഇവിടെ സൃഷ്ടിക്കപ്പെടുന്നു. മിത്തുകളെ ചരിത്രമായി അവതരിപ്പിക്കുന്ന കാലത്ത് ശാസ്ത്രീയ ചിന്താഗതി വളർത്തേണ്ടത് അനിവാര്യമാണെന്നും
സൈറ ഷാ ഹലിം പറഞ്ഞു.

ഐടി തൊഴിലാളികൾ, ഗിഗ് തൊഴിലാളികൾ തുടങ്ങിയവരെ കൂടി സംഘടിപ്പിച്ചുകൊണ്ട് പുതിയ പോരാട്ടങ്ങൾ രൂപപ്പെടണം. ഭഗത് സിംഗിനെപ്പോലുള്ള വിപ്ലവകാരികളുടെ പൈതൃകം വലതുപക്ഷം തട്ടിയെടുക്കാൻ ശ്രമിക്കുമ്പോൾ, ‘സോഷ്യലിസമില്ലാത്ത സ്വാതന്ത്ര്യം അർത്ഥശൂന്യമാണെന്ന’ അവരുടെ പ്രഖ്യാപനം നാം ഉയർത്തിപ്പിടിക്കണം.

നമുക്ക് ഭൂതകാലത്തിലേക്ക് മടങ്ങാനല്ല, മറിച്ച് നീതിയും സമത്വവുമുള്ള ഒരു ഭാവി കെട്ടിപ്പടുക്കാനാണ് പരിശ്രമിക്കേണ്ടത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഈ പോരാട്ട വീര്യം പ്രതിഫലിക്കണമെന്നും സൈറ ഷാ ഹലിം കൂട്ടിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *