തിരുവനന്തപുരം: രാഹുൽമാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്ന പരാതിയിൽ രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. ജാമ്യവ്യവസ്ഥകൾ രാഹുൽ ഈശ്വർ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം സൈബർ പോലീസ് കോടതിയിൽ അപേക്ഷ നൽകിയത്.

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസിലെ പരാതിക്കാരിക്കെതിരെ മോശം പരാമർശം നടത്തിയതിനാണ് നേരത്തെ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിരുന്നത്. ഈ കേസിൽ ജാമ്യം അനുവദിച്ചപ്പോൾ, പരാതിക്കാരിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, തന്റെ യൂട്യൂബ് ചാനലിലൂടെ രാഹുൽ ഈശ്വർ വീണ്ടും അധിക്ഷേപം തുടർന്നുവെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്.

യൂട്യൂബ് വീഡിയോയിലൂടെ നടത്തിയ പരാമർശങ്ങൾ അതിജീവിതയുടെ അന്തസ്സിനെ മുറിപ്പെടുത്തുന്നതാണെന്നും, ഇത്തരം പ്രവർത്തനങ്ങൾ കേസന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതാണെന്നും പോലീസ് അപേക്ഷയിൽ പറയുന്നു. കോടതി കൃത്യമായി വിലക്കിയ കാര്യങ്ങൾ വീണ്ടും ആവർത്തിച്ചത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. പോലീസിന്റെ അപേക്ഷ പരിഗണിച്ച് കോടതി ഉടൻ രാഹുൽ ഈശ്വറിന് നോട്ടീസ് അയക്കും.

Leave a Reply

Your email address will not be published. Required fields are marked *