ഗുണ്ടാത്തലവൻ ആൽത്തറ വിനീഷ് വധക്കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ശോഭ ജോൺ, അനിൽകുമാർ (കേപ്പൻ അനി), രാജേന്ദ്രൻ, രതീഷ്, ചന്ദ്രബോസ്, സാജു, വിമൽ, രാധാകൃഷ്ണൻ എന്നിവരായിരുന്നു കേസിലെ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. വിചാരണ വേളയിൽ പ്രധാന സാക്ഷികൾ മരണപ്പെട്ടതും മറ്റ് സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയതും പ്രതികൾക്ക് അനുകൂലമായി മാറുകയായിരുന്നു.
2009 ഓഗസ്റ്റിലാണ് കേസിനാസ്പദമായ അത്യന്തം നാടകീയമായ സംഭവം അരങ്ങേറുന്നത്. നഗരത്തിലെ പ്രധാന ഗുണ്ടാ നേതാവായ ആൽത്തറ വിനീഷ്, സിറ്റി പോലീസ് കമ്മീഷണർക്ക് മുന്നിൽ ഹാജരായി ജാമ്യവ്യവസ്ഥയുടെ ഭാഗമായി രജിസ്റ്ററിൽ ഒപ്പിട്ട് പുറത്തിറങ്ങിയ ഉടനെയാണ് ആക്രമിക്കപ്പെട്ടത്.
കമ്മീഷണർ ഓഫീസിന് തൊട്ടടുത്തുള്ള ആൽത്തറ ജംഗ്ഷനിൽ വെച്ച് ശോഭ ജോണിന്റെ ക്വട്ടേഷൻ സംഘം വിനീഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേപ്പൻ അനിയുടേയും രണ്ടാം പ്രതി രാജേന്ദ്രന്റേയും സഹോദരന്മാരെ മുൻപ് കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായിരുന്നു ഈ കൊലപാതകമെന്നാണ് പോലീസ് കണ്ടെത്തിയിരുന്നത്.
