എം ടി വാസുദേവൻ നായരുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ ദീദി ദാമോദരന് കടുത്ത മറുപടിയുമായി എംടിയുടെ മകൾ അശ്വതി രംഗത്തെത്തി. പുസ്തകം വായിക്കാതെയാണ് തങ്ങൾ പ്രതികരിക്കുന്നത് എന്ന ആരോപണത്തെ തള്ളിയ അശ്വതി, അത്തരം വിവരക്കേട് കാണിക്കുന്നവരല്ല തങ്ങളെന്നും പുസ്തകം പൂർണ്ണമായി വായിച്ച ശേഷമാണ് വിയോജിപ്പ് പ്രകടിപ്പിക്കുന്നതെന്നും വ്യക്തമാക്കി.

ജീവചരിത്രത്തിലെ പല ഭാഗങ്ങളും എഴുത്തുകാരി തോന്നിയതുപോലെ വളച്ചൊടിച്ചുവെന്നും, സിതാര നിഷേധിച്ച പല കാര്യങ്ങളും പുസ്തകത്തിൽ തിരുകിക്കയറ്റിയെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. പുസ്തകത്തിന്റെ ഡിസൈൻ മുതൽ ഉള്ളടക്കം വരെ എം.ടിക്ക് എതിരെയുള്ള ബോധപൂർവ്വമായ ആക്രമണമാണെന്നും അശ്വതി കൂട്ടിച്ചേർത്തു.

പ്രമീള നായർ എം.ടിയുടെ ആദ്യ ഭാര്യയാണെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണെന്നും അവരെ തള്ളിപ്പറയേണ്ട ഒരു കാര്യവും തങ്ങൾക്കില്ലെന്നും അശ്വതി പറഞ്ഞു. ഈ വിഷയത്തിൽ ദീദി ദാമോദരനുമായി യാതൊരുവിധ ചർച്ചയ്ക്കും തയ്യാറല്ലെന്നും വിവാദ പുസ്തകം ഉടനടി പിൻവലിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. പുസ്തകം പിൻവലിക്കാൻ തയ്യാറാകാത്ത പക്ഷം ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അശ്വതി മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *