തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് പങ്കെടുക്കുന്ന നിർണ്ണായകമായ ഭാരവാഹി യോഗം ഇന്ന് രാവിലെ 10:30-ന് മഹാബലിപുരത്ത് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ, ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയ് പാർട്ടി യോഗത്തിനെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിക്ക് ‘വിസിൽ’ ചിഹ്നം അനുവദിച്ചതിന് ശേഷമുള്ള ആദ്യ യോഗമാണിത്. ഈറോഡ് റാലിക്ക് ശേഷം വിജയ് രാഷ്ട്രീയ വിഷയങ്ങളിൽ പുലർത്തുന്ന മൗനം ഈ യോഗത്തോടെ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
കരൂർ കേസുമായി ബന്ധപ്പെട്ട സിബിഐ ചോദ്യം ചെയ്യലുകളും പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയുമെങ്കിലും നിയമപോരാട്ടം സുപ്രീം കോടതിയിലേക്ക് നീങ്ങാനാണ് സാധ്യത. സിബിഐ അന്വേഷണത്തിലും സിനിമയുടെ റിലീസ് തടസ്സപ്പെട്ടതിലും വിജയ് മൗനം പാലിക്കുന്നത് അണികൾക്കിടയിൽ ചെറിയ രീതിയിലുള്ള ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. അതിനാൽ ഇന്നത്തെ യോഗത്തിൽ ഈ വിഷയങ്ങളിൽ അദ്ദേഹം നടത്തുന്ന പ്രതികരണം ടിവികെ പ്രവർത്തകർക്ക് നിർണ്ണായകമാണ്.
രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയ പശ്ചാത്തലത്തിൽ ടിവികെ നേരിടുന്ന വെല്ലുവിളികളും യോഗത്തിൽ ചർച്ചയായേക്കും. ടിവികെ പാളയത്തിലേക്ക് വരുമെന്ന് കരുതിയിരുന്ന ടി.ടി.വി. ദിനകരൻ എൻഡിഎയിലേക്ക് മടങ്ങിയത് വിജയ്ക്ക് രാഷ്ട്രീയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നുണ്ട്. എന്നിരുന്നാലും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രധാന മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്ന അവകാശവാദം ആവർത്തിച്ച് പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകാനായിരിക്കും വിജയ് ശ്രമിക്കുക. ‘വിസിൽ’ ചിഹ്നം ലഭിച്ചതിന് ശേഷം പാർട്ടി പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കാനുള്ള കർമ്മപദ്ധതികളും ഇന്നത്തെ യോഗത്തിൽ ആസൂത്രണം ചെയ്യും.
