ബെംഗളൂരുവിലെ പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ സി.ജെ. റോയിക്ക് കണ്ണീരോടെ വിടചൊല്ലി നാട്. കൽക്കരെ സെന്റ് ജോസഫ് പള്ളിയിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ബെന്നാർഘട്ടയിലെ നേച്ചേഴ്സ് ലക്ഷ്വറി റിസോർട്ടിലാണ് അന്ത്യവിശ്രമമൊരുക്കിയത്. രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ റിസോർട്ടിലെത്തി അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.
അതേസമയം, സി.ജെ. റോയുടെ മരണവുമായി ബന്ധപ്പെട്ട് ജീവനക്കാർ ഉന്നയിച്ച ആരോപണങ്ങൾ പ്രത്യേക അന്വേഷണ സംഘം തള്ളി. മരണത്തിന് മുൻപ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥരുമായി യാതൊരുവിധ തർക്കങ്ങളും ഉണ്ടായിട്ടില്ലെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. ഒരു മണിക്കൂറോളം ഐടി ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്തു എന്ന ജീവനക്കാരുടെ മൊഴി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പോലീസ് നിരാകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
സംഭവത്തിൽ കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് പരിശോധന നടത്തിയ പോലീസ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി. അന്വേഷണം പുരോഗമിക്കവെ, വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഗ്രൂപ്പ് പ്രതിനിധികൾ മറ്റന്നാൾ വൈകിട്ട് നാല് മണിക്ക് കൊച്ചിയിൽ വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
