കുണിയ: ഫെബ്രുവരി നാല് മുതല്‍ എട്ട് വരെ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിനെത്തുന്ന ജനലക്ഷങ്ങളെ വരവേല്‍ക്കാന്‍ കുണിയ ഒരുങ്ങി. അഞ്ച് ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന സമ്മേളന ക്യാമ്പിലേക്കെത്തുന്ന ആയിരങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പേ കുണിയയില്‍ ആരംഭിച്ചിരുന്നു.
സമ്മേളനത്തോടനുബന്ധിച്ച് കാഴ്ചയുടെ വിസ്മയവിരുന്നൊരുക്കിയ ഗ്ലോബല്‍ എക്‌സ്‌പോ കഴിഞ്ഞ വെള്ളിയാഴ്ച തുടക്കം കുറിച്ചു. ആദ്യ രണ്ട് ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഇന്ന് മുതല്‍ പുരുഷന്മാര്‍ക്കും എക്‌സ്‌പോ സന്ദര്‍ശിക്കാം.
ഇന്ന് വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് വരക്കല്‍ മഖാമില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സിയാറത്ത് നടക്കും. തുടര്‍ന്ന് സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ച നൂറ് പതാകകള്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഏറ്റുവാങ്ങും.
സമസ്ത ട്രഷറര്‍ ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, അറ്റാശ്ശേരി മമ്മിക്കുട്ടി ഹസ്രത്ത് തുടങ്ങിയ പ്രമുഖ പണ്ഡിതരും ഉമറാക്കളും ചടങ്ങില്‍ പങ്കെടുക്കും.
വരക്കല്‍ മഖാമില്‍ നിന്നും പതാകകള്‍ തളങ്കര മാലിക് ദീനാര്‍ മഖാമിലേക്ക് കൊണ്ടുവരും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മാലിക് ദീനാര്‍ മഖ്ബറയില്‍ നിന്നും 3,313 വിഖായ, ഖിദ്മ, ആമില വിഭാഗങ്ങളിലെ വളണ്ടയര്‍മാരുടെ അകമ്പടിയോടെ പതാകകള്‍ സമ്മേളന നഗരിയിലേക്കെത്തിക്കും. വൈകുന്നേരം നാല് മണിക്ക് നൂറ് പതാകകള്‍ വാനിലേക്കുയരുന്നതോടെ സമ്മേളനത്തിന് ഔപചാരിക തുടക്കമാകും.
തുടര്‍ന്ന് 11,111 പ്രബോധകര്‍ക്കുള്ള ദാഈ പഠന ക്യാമ്പ് ആരംഭിക്കും. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് ജനറല്‍ ക്യാമ്പ് ആരംഭിക്കുന്നതോടെ ക്യാമ്പ് അംഗങ്ങളുടെ എണ്ണം 33,313 ആയി ഉയരും.
ഫെബ്രുവരി എട്ടിന് ഞായറാഴ്ച വൈകുന്നേരം കുണിയയില്‍ പ്രത്യേകം തയ്യാറാക്കിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പ്രമുഖ നേതാക്കളും സമ്മേളനച്ചടങ്ങുകളില്‍ സംബന്ധിക്കും.
ഒരു സമയം 1,200 പേര്‍ക്ക് ഇരിക്കാവുന്ന പ്രധാന വേദി സമ്മേളനത്തിനായി പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *