കാസർഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ കുടുംബവഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ മകൾക്ക് പിന്നാലെ ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു. പ്രതിയായ ഉമ്മറിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് ഷേഖ് അബ്ബയാണ് മംഗളൂരുവിലെ ആശുപത്രിയിൽ മരിച്ചത്. പ്ലസ് വൺ വിദ്യാർഥിനിയായ ജുമൈല സംഭവദിവസം തന്നെ മരണപ്പെട്ടിരുന്നു. പ്രതിയായ ഉമ്മറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. ഉമ്മറും കുടുംബവും താമസിച്ചിരുന്നത് ഭാര്യാസഹോദരിയുടെ വീട്ടിലായിരുന്നു. അവിടെവെച്ച് സ്വത്ത് തർക്കത്തെത്തുടർന്ന് ഉമ്മറും ഷേഖ് അബ്ബയും തമ്മിൽ വാക്കേറ്റമുണ്ടായി. അബ്ബയെ ഉമ്മർ മാരകായുധം കൊണ്ട് ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മകൾ ജുമൈലയ്ക്ക് വെട്ടേറ്റത്. കഴുത്തിലും കാലിനും ഗുരുതരമായി പരിക്കേറ്റ ജുമൈല ആശുപത്രിയിൽ എത്തും മുൻപേ മരിച്ചു. വിദേശത്ത് ജോലി ചെയ്തിരുന്ന ഉമ്മർ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾക്ക് അടിമയാണെന്ന് നാട്ടുകാർ പറയുന്നു.
