2026 അണ്ടർ-19 ലോകകപ്പിന്റെ രണ്ടാം സെമിഫൈനലിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ന് ഹരാരെയിലെ ഹരാരേ സ്പോർട്സ് ക്ലബ്ബിലാണ് മത്സരം നടക്കുന്നത്. ആയുഷ് മത്രേ നയിക്കുന്ന ഇന്ത്യൻ ടീം ടൂർണമെന്റിൽ ഇതുവരെ ഒരു തോൽവിയും അറിയാതെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ യുഎസിനെതിരെ ആറു വിക്കറ്റിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ തുടർന്ന് ബംഗ്ലാദേശിനെതിരെ ആവേശകരമായ 18 റൺസ് വിജയം നേടിയിരുന്നു. തുടർന്ന് ന്യൂസിലൻഡിനെതിരെ ഏഴ് വിക്കറ്റിന്റെ ജയത്തോടെ ഗ്രൂപ്പ് ബി-യിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. സൂപ്പർ സിക്സ് ഘട്ടത്തിലും വിജയഗതി തുടർന്ന ഇന്ത്യ ആതിഥേയരായ സിംബാബയെയും എക്കാലത്തെയും എതിരാളികളായ പാകിസ്ഥാനെയും ശക്തമായി തോൽപ്പിച്ച് സെമിഫൈനൽ പ്രവേശനം ഉറപ്പാക്കി. മറുവശത്ത് അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയ്ക്കെതിരായ 28 റൺ വിജയത്തോടെ അവരുടെ കാമ്പെയ്ൻ ആരംഭിക്കുകയും തുടർന്ന് വെസ്റ്റ് ഇൻഡീസിനെയും ടാൻസാനിയയെയും തോൽപ്പിച്ച് ഗ്രൂപ്പ് ഡി-യിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തു.
മഹ്ബൂബ് ഖാൻ നയിക്കുന്ന ടീം സൂപ്പർ സിക്സ് ഘട്ടം ശ്രീലങ്കയ്ക്കെതിരായ നാല് വിക്കറ്റ് തോൽവിയോടെ തുടങ്ങിയെങ്കിലും അയർലണ്ടിനെതിരെ 191 റൺ എന്ന വമ്പൻ വിജയത്തോടെ ശക്തമായ തിരിച്ചുവരവ് നടത്തി. ടൂർണമെന്റിൽ ഇതുവരെ ഇന്ത്യ വിജയമായിരുന്നു എങ്കിലും എതിരാളികളായ അഫ്ഗാനിസ്ഥാനെ ചെറുതായി കാണാൻ കഴിയില്ല.
