കരാർ ഉണ്ടായിട്ടും സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നില്ലെന്ന് ആരോപിച്ച് നടൻ ബിജു മേനോനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കർശന നിലപാടിലേക്ക്. നിർമാതാവ് അനൂപ് കണ്ണന് ബിജു മേനോൻ 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഈ തുക നൽകാതെ നടനുമായി സഹകരിക്കില്ലെന്നുമാണ് അസോസിയേഷന്റെ തീരുമാനം. ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന പുതിയ ചിത്രത്തിലെ പ്രതിഫലത്തിൽ നിന്ന് ഈ തുക ഈടാക്കാനാണ് നിലവിലെ ആലോചന.
പ്രൊമോഷനായി 10 ദിവസം നൽകാമെന്ന് കരാറിൽ ഒപ്പിട്ടിട്ടും ബിജു മേനോന്റെ ഭാഗത്തുനിന്ന് യാതൊരു സഹകരണവും ഉണ്ടായില്ലെന്ന് അനൂപ് കണ്ണൻ ആരോപിച്ചു. ‘നടന്ന സംഭവം’ എന്ന സിനിമയുടെ പ്രചാരണത്തിനായി നടനെയോ മാനേജരെയോ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികരണം ലഭിച്ചില്ല. താരങ്ങളുടെ അഭിമുഖങ്ങളിലൂടെയാണ് സിനിമയ്ക്ക് കൂടുതൽ റീച്ച് ലഭിക്കുന്നത് എന്നതിനാലാണ് വലിയ പ്രതിഫലം നൽകി അവരെ കാസ്റ്റ് ചെയ്യുന്നതെന്നും, നീതി ലഭിക്കാത്ത സാഹചര്യത്തിൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണയായി സിനിമാ അഭിമുഖങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന ശൈലിയാണ് ബിജു മേനോന്റേതെങ്കിലും കരാർ ലംഘനം ഉന്നയിച്ചാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. ബി. ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ളവർ ഉന്നയിച്ച പരാതികളിലും അസോസിയേഷൻ എടുത്ത തീരുമാനത്തിലും താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
