ശബരിമല സ്വർണ്ണക്കൊള്ളക്കേസ് സിബിഐക്ക് വിടണമെന്ന ഹർജികളിൽ ഹർജിക്കാർക്കെതിരെ നിർണ്ണായക ചോദ്യങ്ങളുമായി ഹൈക്കോടതി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
ഏത് കേസിലാണ് സിബിഐ മികച്ച രീതിയിൽ അന്വേഷണം നടത്തിയതെന്നും അടുത്തകാലത്ത് തെളിയിച്ച അഞ്ച് കേസുകളുടെ നമ്പറുകൾ ഹാജരാക്കാൻ സാധിക്കുമോ എന്നും കോടതി ആരാഞ്ഞു. എന്തുകൊണ്ടാണ് ഈ കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം തന്നെ വേണമെന്ന് നിർബന്ധം പിടിക്കുന്നതെന്ന് ചോദിച്ച കോടതി, ഹർജിക്കാർ നിയമങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണമെന്നും ഓർമ്മിപ്പിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലവിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാത്ത അന്വേഷണത്തിനായി സിബിഐ വേണമെന്നുമാണ് ഹർജിക്കാരുടെ വാദം. എന്നാൽ, എസ്ഐടി അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും അതിന്റെ പുരോഗതി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
