ശബരിമല യുവതി പ്രവേശന വിഷയത്തിൽ പിണറായി വിജയൻ സർക്കാർ മുൻപ് നൽകിയ സത്യവാങ്മൂലത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

യുവതി പ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് ഇടതു സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം വിശ്വാസികൾക്ക് എതിരാണെന്നും ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. മുൻപ് ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തിയാണ് എൽഡിഎഫ് പുതിയത് നൽകിയതെന്നും ചെന്നിത്തല പറഞ്ഞു.

വിഷയത്തിൽ യുഡിഎഫിന് എന്നും ഒരേ നിലപാടാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ പ്രത്യേകതകളും വിശ്വാസങ്ങളും അനുസരിച്ച് യുവതികളെ പ്രവേശിപ്പിക്കാൻ പാടില്ലെന്നതാണ് യുഡിഎഫ് പക്ഷം. യുവതി പ്രവേശനം നടപ്പിലാക്കിയ ശേഷം ജനങ്ങളോട് മാപ്പ് പറഞ്ഞ സി.പി.എം, ഇപ്പോൾ നിലപാട് മാറ്റാൻ തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സർക്കാർ ആ പഴയ സത്യവാങ്മൂലം തിരുത്തണമെന്നതാണ് യുഡിഎഫിന്റെയും എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകളുടെയും ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയുടെ പേരിൽ സംസ്ഥാനത്ത് നടക്കുന്നത് വലിയ കൊള്ളയാണെന്നും ഇതിന് ദേവസ്വം മന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്ന അവസ്ഥയിലാണെന്നും പോലീസുകാർക്ക് പോലും രക്ഷയില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരത്ത് പോലീസുകാരനെ മർദ്ദിച്ച ഡി.വൈ.എഫ്.ഐക്കാർക്ക് ജാമ്യം നൽകുകയും മർദ്ദനമേറ്റ ഉദ്യോഗസ്ഥനെതിരെ കേസെടുക്കുകയും ചെയ്യുന്ന വിചിത്രമായ നടപടിയാണ് ആഭ്യന്തര വകുപ്പിൽ നിന്നും ഉണ്ടാകുന്നതെന്നും ചെന്നിത്തല പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *