ആലപ്പുഴ അമ്പലപ്പുഴ താലൂക്കിലെ കരുമാടിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ രണ്ട് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. കരുമാടി കിഴക്കേമുറയിൽ ഹേമാലയം വീട്ടിൽ മോഹനന്റെ മകൻ ശ്യാംകുമാറിന്റെ വീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തത്. വീട്ടിൽ നടന്ന വിവാഹ സൽക്കാരത്തിന് ആവശ്യമായ മദ്യം ഇയാൾ സ്വന്തമായി വാറ്റിയതാണെന്നും, ഉപയോഗത്തിന് ശേഷം ബാക്കി വന്ന ചാരായമാണ് പിടിച്ചെടുത്തതെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. റെയ്ഡ് സമയത്ത് പ്രതി വീട്ടിലില്ലാതിരുന്നതിനാൽ അറസ്റ്റ് ചെയ്യാനായില്ല.

ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഫാറൂക്ക് അഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവിൽ എക്സൈസ് ഓഫീസർമാരായ സുർജിത്ത് ടി ജി, ഷെഫീക്ക് കെ എസ്, ശ്രീ രണദിവെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സ്മിത എൻ എസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഒളിവിൽ പോയ ശ്യാംകുമാറിനായി എക്സൈസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *