കേരളത്തിലെ ജയിൽ തടവുകാരുടെ വേതനം വർദ്ധിപ്പിച്ച സർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. അഭിഭാഷകനായ അജീഷ് കളത്തിൽ ഗോപിയാണ് സുപ്രീം കോടതിയുടെ ഇടപെടൽ തേടി ഹർജി നൽകിയത്. നേരത്തെ ഈ വിഷയത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും, വേതന വർദ്ധനവ് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടി കോടതി അത് തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്. ജയിൽ എന്നത് തൊഴിലെടുക്കാനുള്ള ഇടമല്ലെന്നും ശിക്ഷ അനുഭവിക്കാനുള്ള സ്ഥലമാണെന്നുമാണ് ഹർജിക്കാരൻ ഉന്നയിക്കുന്ന പ്രധാന വാദം.

സ്‌കിൽഡ് വിഭാഗത്തിന് 620 രൂപ, സെമി സ്‌കിൽഡ് വിഭാഗത്തിന് 560 രൂപ, അൺ സ്‌കിൽഡ് വിഭാഗത്തിന് 530 രൂപ എന്നിങ്ങനെയാണ് സർക്കാർ നിലവിൽ വേതനം പരിഷ്കരിച്ചിരിക്കുന്നത്. വേതന വർദ്ധനവ് കേവലം ഒരു സാമ്പത്തിക സഹായമല്ലെന്നും മറിച്ച് ജയിൽ അന്തേവാസികളുടെ അന്തസ്സും ശിക്ഷാകാലത്തിന് ശേഷമുള്ള അവരുടെ പുനരധിവാസവും ഉറപ്പാക്കുന്നതിനുള്ള നിർണ്ണായകമായ നടപടിയാണെന്നുമാണ് സർക്കാർ ഈ വിഷയത്തിൽ വ്യക്തമാക്കുന്നത്. തടവുകാർ ജോലി ചെയ്യുന്നതിലൂടെ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളുടെ വിപണന മൂല്യം കൂടി കണക്കിലെടുത്താണ് ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *